രാജ്യത്ത്​ കോവിഡ്​ മരണ നിരക്ക് ഉയരുന്നു; രോഗവ്യാപനവും രൂക്ഷം

9,37,625 പേരാണ്​ നിലവിൽ ചികിൽസയിൽ കഴിയുന്നത്
രാജ്യത്ത്​ കോവിഡ്​ മരണ നിരക്ക് ഉയരുന്നു; രോഗവ്യാപനവും രൂക്ഷം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ മരണ നിരക്ക് ഉയരുന്നു. 940 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച്​ മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 1,01,782 ആയി. ഈ സമയത്തിനുള്ളിൽ ആകെ 75,829 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു​. ഇതോടെ ആകെ രോഗികളുടെ എണ്ണം 65,49,374 ആയി ഉയർന്നു.

ഇതിൽ 9,37,625 പേരാണ്​ നിലവിൽ ചികിൽസയിൽ കഴിയുന്നത്​. 55,09,967 പേർക്ക് രോഗം ഭേദമായി. മറ്റ്​ രാജ്യങ്ങളുമായി താരതമ്യം ചെയ്യു​മ്പോൾ കോവിഡ് വൈറസ് ബാധിച്ചുണ്ടാകുന്ന മരണനിരക്ക്​ ഇന്ത്യയിൽ കുറവാണ്​. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചവർ അമേരിക്കയിലാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 7,600,846 രോഗബാധ കണ്ടെത്തി. ഇതുവരെ 214,277 പേർ മരണപ്പെട്ടു.

രാജ്യത്ത് പത്തു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ്, രാജ്യത്തെ കോവിഡ് ബാധിതര്‍ 65 ലക്ഷം പിന്നിട്ടത്. മഹാരാഷ്ട്രയില്‍ 278 മരണങ്ങളും 14,348 കേസുകളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ 9,886 പേരുടെ വര്‍ധന ഉണ്ടായി. പുതിയ 5,622 രോഗികള്‍ തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായി. ആന്ധ്രാ പ്രദേശില്‍ 6,224 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതര്‍ 7,13,014 ലേക്ക് ഉയര്‍ന്നു. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 2,258 പേരുടെ വര്‍ധന ഉണ്ടായി. കേരളത്തിലും രോഗവ്യാപനം കൂടുകയാണ്.

Related Stories

Anweshanam
www.anweshanam.com