ലഡാക്ക് സംഘർഷം: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സൈനിക മേധാവി ബിപിൻ റാവത്ത്
Top News

ലഡാക്ക് സംഘർഷം: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സൈനിക മേധാവി ബിപിൻ റാവത്ത്

അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുസൈന്യവും തമ്മിലുള്ള ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.

News Desk

News Desk

ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുസൈന്യവും തമ്മിലുള്ള ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.

യഥാർഥ നിയന്ത്രണ രേഖയിൽ അതിക്രമങ്ങൾ സംഭവിക്കുന്നത് അതിന്റെ വിന്യാസത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകൾ കാരണമാണെന്ന് റാവത്ത്‌ ഇന്ത്യ ടുഡേയോട് വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയെങ്കിലും സൈനിക നടപടിയെക്കുറിച്ച്‌ കൂടുതൽ വിശദീകരിക്കാൻ ബിപിൻ റാവത്ത് വിസമ്മതിച്ചു.

കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി തവണ സൈനിക, നയതന്ത്ര തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നെങ്കിലും അതിർത്തി പ്രശ്നം പരിഹരിക്കുന്നതിൽ കാര്യമായ മുന്നേറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ലഡാക്കിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ-ചൈന അതിർത്തിയിൽ ഏപ്രിൽ മാസത്തിലുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കാൻ ചൈന തയ്യാറാകണമെന്ന ആവശ്യം കഴിഞ്ഞ ആഴ്ചയിലെ നയതന്ത്ര ചർച്ചയിലും ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു.

Anweshanam
www.anweshanam.com