അതിര്‍ത്തിയിലെ സംഘര്‍ഷം: മോസ്‌കോയില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച തുടങ്ങി

തിങ്കളാഴ്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ-ചൈന ചര്‍ച്ച നടക്കുന്നത്
അതിര്‍ത്തിയിലെ സംഘര്‍ഷം: മോസ്‌കോയില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച തുടങ്ങി

മോസ്‍ക്കോ: ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ നിർണ്ണായക ചർച്ച മോസ്കോവിൽ തുടങ്ങി. റഷ്യ, ഇന്ത്യ, ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് മോസ്കോവിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ചർച്ച തുടങ്ങിയത്. അതിർത്തിയിൽ ചൈന ഉടൻ പിൻമാറ്റത്തിന് തയ്യാറാവണമെന്ന് ഇന്ത്യ ആവശ്യപ്പെടും. എസ് ജയശങ്കറുമായുള്ള ചർച്ചയ്ക്ക് തൊട്ടു മുമ്പ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കണ്ടിരുന്നു.

തിങ്കളാഴ്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ-ചൈന ചര്‍ച്ച നടക്കുന്നത്. ഇതിനിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയെ അവസാന അവസരമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാന്‍ സാധ്യതയില്ലെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഉച്ചയ്ക്ക് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാന്‍റെയും മന്ത്രിമാർ പങ്കെടുത്തു. റഷ്യ മുൻകൈയ്യെടുത്ത് ഇന്ത്യ റഷ്യ ചൈന സംയുക്ത യോഗവും നടത്തി. അതിർത്തി തർക്കം തീർക്കാൻ റഷ്യ കാണിക്കുന്ന താല്‍പ്പര്യത്തിന്‍റെ കൂടി സൂചനയായി ഈ യോഗം. നിശ്ചയിച്ചതിലും വൈകിയാണ് ഇന്ത്യ ചൈന ചർച്ച തുടങ്ങിയത്. അതിർത്തിയിൽ ഇന്ത്യ സേനയെ വിന്യസിച്ച മലനിരകളിലേക്ക് കയറാൻ കഴിഞ്ഞ ദിവസം ചൈനീസ് സേന ശ്രമിച്ചു എന്ന റിപ്പോർട്ടുകളുണ്ട്.

കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കുള്ള തന്ത്രപ്രധാന കുന്നുകളില്‍ ഇന്ത്യന്‍സേന നിലയുറപ്പിച്ചതിനു പിന്നാലെയാണ് ഫിംഗര്‍ മൂന്നിലേക്ക് കടന്നുകയറാന്‍ തിങ്കളാഴ്ച ചൈന ശ്രമിച്ചത്. തടാകക്കരയിലെ എട്ടു കുന്നുകളിലൊന്നായ തങ്ങളുടെ അധീനതയിലുള്ള ഫിംഗര്‍ നാലില്‍ പുതിയ സൈനികകേന്ദ്രം സ്ഥാപിച്ച ചൈന ചൊവ്വാഴ്ച രാത്രിമുതല്‍ ഫിംഗര്‍ മൂന്നിലെ പൊതുപ്രദേശങ്ങളിലും കടന്നുകയറാന്‍ ശ്രമം തുടങ്ങിയതായി സൈനികവൃത്തങ്ങള്‍ പറഞ്ഞിരുന്നു.

45 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്.

Related Stories

Anweshanam
www.anweshanam.com