കൊച്ചിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത് 300 പവന്‍

ജുവലറിയുടെ പിന്നിലെ ഭിത്തി തുരന്ന് ഉളളില്‍ കടന്ന മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്താണ് സ്വര്‍ണവും വെളളിയും കവര്‍ന്നത്.
കൊച്ചിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത് 300 പവന്‍

കൊച്ചി: എറണാകുളം ഏലൂരില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. ജുവലറിയില്‍ നിന്ന് മോഷ്ടാക്കള്‍ 300 പവന്‍ സ്വര്‍ണവും 25 കിലോ വെളളിയും കവര്‍ന്നു. ജുവലറിയുടെ പിന്നിലെ ഭിത്തി തുരന്ന് ഉളളില്‍ കടന്ന മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്താണ് സ്വര്‍ണക്കവര്‍ച്ച നടത്തിയത്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തത്. സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് ജ്വല്ലറി ഉടമകള്‍ പറഞ്ഞു. ഇന്ന് രാവിലെ ജുവലറി തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ജുവലറി അടച്ചത്. അവധിയായതിനാല്‍ ഞായറാഴ്ച പ്രവര്‍ത്തി ദിവസം ആയിരുന്നില്ല. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ആയിരിക്കാം മോഷണം എന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, നഷ്ടമായ സ്വര്‍ണ്ണത്തിന്റെ തൂക്കം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് പൊലീസ് പ്രതികരിച്ചു. സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ചിത്രം : മലയാള മനോരമ

Related Stories

Anweshanam
www.anweshanam.com