കസ്റ്റംസിന് തിരിച്ചടി; ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വരുന്ന വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം.
കസ്റ്റംസിന് തിരിച്ചടി; ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വരുന്ന വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം. കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന ശിവശങ്കറിന്റെ വാദം കോടതി അംഗീകരിച്ചു. കൂടാതെ താന്‍ ഏത് ഏജന്‍സിക്ക് മുന്നിലും ഹാജരാകാന്‍ തയാറാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും കസ്റ്റംസ് വാദിച്ചു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. ഇതിന് ശേഷമാകും തുടര്‍നടപടികള്‍.

അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് രാവിലെ ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. പരിഗണിക്കുന്ന കാര്യം ഉച്ചക്ക് ശേഷം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച അറസ്റ്റ് ചെയ്യാനായിരുന്നു കസ്റ്റംസ് നീക്കം. തുടര്‍ച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ സാരമായി ബാധിച്ചു. ഏത് കേസില്‍ ആണ് ചോദ്യം ചെയ്യുന്നതു എന്ന് പോലും നോട്ടീസില്‍ വ്യക്തമല്ലെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com