ശ്രീനഗറിൽ  ആദ്യ വനിത സിആര്‍പിഎഫിന്റെ ചുമതലക്കാരിയായി ചാരു സിന്‍ഹ
Top News

ശ്രീനഗറിൽ ആദ്യ വനിത സിആര്‍പിഎഫിന്റെ ചുമതലക്കാരിയായി ചാരു സിന്‍ഹ

ആദ്യമായാണ് ശ്രീനഗര്‍ മേഖലയില്‍ ഒരു വനിത സി.ആര്‍.പി.എഫിന്റെ ചുമതല ഏറ്റെടുക്കുന്നത്.

News Desk

News Desk

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ശ്രീനഗര്‍ മേഖലയിലെ സിആര്‍പിഎഫിന്റെ ചുമതലക്കാരിയായി വനിത. ആദ്യമായാണ് ശ്രീനഗര്‍ മേഖലയില്‍ ഒരു വനിത സി.ആര്‍.പി.എഫിന്റെ ചുമതല ഏറ്റെടുക്കുന്നത്. 1996 തെലുങ്കാന കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു സിന്‍ഹയെയാണ് അര്‍ധ സൈനിക വിഭാഗമായ സി.ആര്‍.പി.എഫിന്റെ ശ്രീനഗര്‍ സെക്ടര്‍ ഐ.ജിയായി നിയമിച്ചത്.

ചാരു സിന്‍ഹക്ക് സംഘര്‍ഷ മേഖലയുടെ ചുമതല നല്‍കുന്നത് ആദ്യമായല്ല. ബിഹാറിലെ നക്‌സല്‍ സ്വാധീനമേഖലയില്‍ സിആര്‍പിഎഫ് ഐ.ജിയായി ചാരു സിന്‍ഹ നേരത്തെ ചുമതല വഹിച്ചിരുന്നു. നിരവധി നക്‌സല്‍ വിരുദ്ധ ഓപറേഷന് നേതൃത്വം നല്‍കിയിട്ടുള്ള ചാരു സിന്‍ഹ, നിലവില്‍ ജമ്മു സിആര്‍പിഎഫ് ഐ.ജിയാണ്.

2005ലാണ് ശ്രീനഗര്‍ മേഖലയില്‍ ബ്രീന്‍ നിഷാദ് കേന്ദ്രമാക്കി ഐ.ജിയുടെ മേല്‍നോട്ടത്തില്‍ സിആര്‍പിഎഫ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യന്‍ കരസേന, ജമ്മു കശ്മീര്‍ പൊലീസ് അടക്കമുള്ള സേനാ വിഭാഗങ്ങളുമായി ചേര്‍ന്ന് സംയുക്ത ഭീകര വിരുദ്ധ ഓപ്പറേഷനില്‍ പങ്കാളിയാണ് സിആര്‍പിഎഫ്.

ജമ്മു കശ്മീരിലെ ബുദ്ഗാം, ഗാന്ദെര്‍ബാല്‍, ശ്രീനഗര്‍ മൂന്ന് ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലുമാണ് സിആര്‍പിഎഫ് പ്രവര്‍ത്തന പരിധി. രണ്ട് റേഞ്ചേഴ്‌സ്, 22 എക്‌സിക്യൂട്ടീവ് യുനിറ്റുകള്‍, മൂന്ന് മഹിള കമ്ബനികള്‍ എന്നിവയാണ് ശ്രീനഗര്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്.

Anweshanam
www.anweshanam.com