ഹൗ കേരളാസ് കോവിഡ് 'സക്‌സസ് സ്‌റ്റോറി' കെയിം അണ്‍ഡണ്‍'; കേരളത്തെ വിലയിരുത്തി ബിബിസി
Top News

ഹൗ കേരളാസ് കോവിഡ് 'സക്‌സസ് സ്‌റ്റോറി' കെയിം അണ്‍ഡണ്‍'; കേരളത്തെ വിലയിരുത്തി ബിബിസി

കേരളത്തിന്‍റെ വിജയാഘോഷം ഇല്ലാതായത് എങ്ങനെ എന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബി.ബി.സി.

By News Desk

Published on :

തിരുവനന്തപുരം: ലോക രാജ്യങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും അമ്പരപ്പിച്ച്‌ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധനേടിയിരുന്നു. കേരളത്തിന്റെ മാതൃക വിവിധ ദേശീയ -അന്തര്‍ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായി. എന്നാല്‍ രണ്ട് മാസം മുൻപ് വരെയുണ്ടായിരുന്ന സ്ഥിതിയല്ല ഇന്ന് കേരളത്തില്‍. ദിവസേന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. മരണസംഖ്യയും കൂടി വരുന്നു.

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തില്‍ എടുത്തുപറയേണ്ട പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ സ്ഥിതിയില്‍നിന്ന് തീരദേശമേഖലയില്‍ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി.കേരളത്തിന്‍റെ വിജയാഘോഷം ഇല്ലാതായത് എങ്ങനെ എന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബി.ബി.സി. 'ഇന്ത്യ കൊറോണ വൈറസ്: ഹൗ കേരളാസ് കോവിഡ് 'സക്‌സസ് സ്‌റ്റോറി' കെയിം അണ്‍ഡണ്‍' എന്ന തലക്കെട്ടിലെഴുതിയ റിപ്പോര്‍ട്ടിലാണ് കേരളത്തിന്‍റെ പൊള്ളയായ അവകാശവാദങ്ങളെ ബി.ബി.സി തുറന്നുകാട്ടുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് കടുത്ത വീഴ്ചകള്‍ സംഭവിച്ചുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലടക്കം കൊറോണ വ്യാപനവും മരണവും കുറയുമ്ബോള്‍ കേരളത്തിലെ രോഗവ്യാപനം വര്‍ധിക്കുന്നതാണ് ഓരോ ദിവസത്തെ കണക്കിലൂടെയും വ്യക്തമാകുന്നത്. കുറഞ്ഞ അളവിലുള്ള പരിശോധനയും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും കൃത്യമല്ലാത്ത ഏകോപനമില്ലായ്മയും ഇതിന് കാരണമാണ്. സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ക്വാറന്‍റൈനിലാകുന്ന അവസ്ഥ സൃഷ്ടിച്ചു.

മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊറോണ പടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പോലും വേണ്ടത്ര സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിനാകുന്നില്ല. അടുത്ത ദിവസങ്ങളിലായി 120 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുള്‍പ്പെടെ 350 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.

സമൂഹവ്യാപനം ഉണ്ടായെന്ന് ആദ്യമായി അംഗീകരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. 'വൈറസിന്റെ കുതിപ്പ് ഇപ്പോഴാണ് കേരളത്തില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. അതിര്‍ത്തികള്‍ അടച്ചപ്പോള്‍ കേരളത്തിലെ സാഹചര്യം നിയന്ത്രണവിധേയമായി നില്‍ക്കുകയായിരുന്നു' - വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. ലാല്‍ സദാശിവന്‍ ബിബിസി ലേഖകനോടു പറഞ്ഞു.

വുഹാനില്‍നിന്ന് കേരളത്തിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 30 മുതല്‍ കേസുകളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. മാര്‍ച്ചില്‍ മറ്റു സംസ്ഥാനങ്ങളില്‍ വലിയതോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങി. മേയ് മാസത്തോടെ കൃത്യമായ പരിശോധന, ഐസലേഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കേരളത്തിന് പുതിയ കേസുകള്‍ കുറച്ചുകൊണ്ടുവരാനായി.

പുതിയ കേസുകള്‍ ഒരെണ്ണം പോലുമില്ലാത്ത ദിവസങ്ങളും കേരളത്തിനുണ്ടായി. കേരളം 'കര്‍വ് ഫ്ലാറ്റന്‍' ചെയ്യുകയാണെന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. 'വലിയ അദ്ഭുതമാണ് കേരളം നേടിയതെന്ന് ആളുകള്‍ പറയുന്നുണ്ടായിരുന്നു' - പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ജയപ്രകാശ് മുലിയില്‍ പറഞ്ഞു. എന്നാല്‍ അതു നീണ്ടുനിന്നില്ല. 1000 കേസുകളിലേക്ക് എത്താന്‍ കേരളത്തിന് 110 ദിവസങ്ങളാണ് വേണ്ടിവന്നത്. എന്നാല്‍ ജൂലൈ 20 ആയപ്പോഴേക്കും കേരളം 12,000 രോഗികളായിരിക്കുന്നു. 43 മരണവും റിപ്പോര്‍ട്ട് ചെയ്തു. വീടുകളിലും ആശുപത്രികളിലുമായി 1,70,000 പേരാണ് ക്വാറന്റീനില്‍ കഴിയുന്നത്.

കേരളത്തിലെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നവയിലൊന്ന് പ്രവാസികളുടെ മടങ്ങിവരവാണ്. ഗള്‍ഫില്‍നിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍നിന്നും ലക്ഷക്കണക്കിനുപേര്‍ കേരളത്തിലേക്കു തിരിച്ചുവന്നു. ഇന്നുവരെ ഉണ്ടായിരിക്കുന്നതില്‍ 7000ല്‍ അധികം രോഗികള്‍ക്കും യാത്രാപശ്ചാത്തലമുണ്ട്. 'എന്നാല്‍ ലോക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചപ്പോള്‍ ജനങ്ങള്‍ കൂട്ടമായി കേരളത്തിലേക്കെത്തി.

രോഗവുമായെത്തുന്നവരെ കയറ്റാതിരിക്കാനാവില്ല. രോഗികളാണെങ്കിലും സ്വന്തം നാട്ടിലേക്കു തിരിച്ചെത്താന്‍ എല്ലാ പൗരന്മാര്‍ക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എന്നാല്‍ അതാണ് വലിയ വ്യത്യാസമുണ്ടാക്കിയത്.' - തിരുവനന്തപുരം എംപി ശശി തരൂര്‍ ബിബിസിയോടു പറഞ്ഞു.

ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിലെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ച കാര്യവും തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. രോഗികളായവര്‍ക്കൊപ്പം വിമാനത്തില്‍ വരുന്നവര്‍ക്കുകൂടി രോഗം പകരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായി തരൂര്‍ വ്യക്തമാക്കി.

മേയ് ആദ്യം മുതല്‍ ഈ ജനപ്രവാഹം പ്രാദേശികമായ സമൂഹവ്യാപനത്തിനു വഴിയിട്ടെന്നാണ് വിലയിരുത്തല്‍. യാത്രാ പശ്ചാത്തലം ഇല്ലാത്തവരില്‍ക്കൂടി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങി. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 821ല്‍ 640 കേസുകളും സമ്ബര്‍ക്കം വഴിയാണ്. ഇതില്‍ 43 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടുമില്ല.

ലോക്ഡൗണില്‍ ഇളവ് അനുവദിച്ചപ്പോള്‍ കൃത്യമായ മുന്‍കരുതലുകളില്ലാതെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങിയത് കാര്യങ്ങള്‍ വഷളാക്കി. 'ഇളവ് നല്‍കിയപ്പോള്‍ കൂടുതല്‍ ആളുകളും ജോലിക്കു പോകാന്‍ തുടങ്ങുന്നതുകൊണ്ട് അശ്രദ്ധമൂലം ഒരളവു വരെ കേസുകള്‍ വര്‍ധിച്ചേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്' - വൈറസ് പ്രതിരോധ നടപടികള്‍ക്കു സര്‍ക്കാരിന് ഉപദേശം നല്‍കാനുള്ള വിദഗ്ധ സമിതിയുടെ തലവന്‍ ഡോ. ബി. ഇക്ബാല്‍ ബിബിസിയോടു പറഞ്ഞു.

കേസുകള്‍ കുറഞ്ഞപ്പോള്‍ പരിശോധന കുറച്ചുവെന്ന് വിമര്‍ശകര്‍ പറയുന്നു. ഈ നാളുകളില്‍ ദിവസവും 9,000 സാംപിളുകളാണ് ടെസ്റ്റ് ചെയ്യുന്നത്. ഏപ്രിലില്‍ ഇത് 663 ആയിരുന്നു. എന്നാല്‍ ജനസംഖ്യയുടെ ദശലക്ഷം കണക്കില്‍ വച്ചുനോക്കുമ്ബോള്‍ കേരളത്തിലെ പരിശോധനകള്‍ കുറവാണെന്ന് വ്യക്തമാണ്. കേസുകള്‍ വളരെയധികം വര്‍ധിക്കുന്ന ആന്ധ്ര പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ വച്ചുനോക്കുമ്ബോള്‍ കേരളത്തില്‍ പരിശോധന കുറവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയെക്കാള്‍ കൂടുതല്‍ പരിശോധന കേരളം നടത്തുന്നുണ്ട്.

'കേരളത്തിലെ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതു മതിയാകില്ല. ഒരു സംസ്ഥാനവും ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധന നടത്തിയിട്ടില്ല' - എറണാകുളം മെഡിക്കല്‍ കോളജ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം തലവന്‍ ഡോ. എ. ഫത്താഹുദ്ദീന്‍ പറഞ്ഞു.</

ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ട് പോലും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണെന്നത് സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്ന് മുഖ്യമന്ത്രിയും സമ്മതിക്കുന്നു. കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കൊവിഡ് പരക്കെ വ്യാപിച്ചുകഴിഞ്ഞപ്പോള്‍ നിവര്‍ത്തിയില്ലാതെ സര്‍ക്കാര്‍ സാമൂഹിക വ്യാപനമുണ്ടെന്ന് ഇന്ത്യയില്‍ ആദ്യമായി സമ്മതിക്കുകയും ചെയ്തു.

കേരളത്തില്‍ യഥാര്‍ത്ഥത്തിലുള്ള കോവിഡ് വ്യാപനം ഇപ്പോഴാണ് നടക്കുന്നത്. തുടക്കത്തില്‍ ഇതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് അത് കൈവിട്ടുപോയി എന്നാണ് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ടുള്ള ബി.ബി.സിയുടെ റിപ്പോര്‍ട്ട്. പൂന്തുറ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ഇവിടെ അവശ്യസാധനങ്ങള്‍ക്ക് പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന പരാതി ഇവിടെ വ്യാപകമാണ്. പൂന്തുറയില്‍ കമാന്‍ഡോകളെ ഉള്‍പ്പെടെ ഇറക്കി ലോക്ക്ഡൌണ്‍ കര്‍ക്കശമാക്കി. എന്നാല്‍ പുറത്തിറങ്ങാന്‍ പോലുമാകാതെ വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാരിന് വലിയ വീഴച സംഭവിച്ചതായി പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

രോഗവ്യാപനത്തിന് മുമ്ബുതന്നെ രോഗത്തെ തുരത്തിയോടിച്ചുവെന്നായിരുന്നു സര്‍ക്കാരിന്‍റെ അവകാശവാദം. ഇത്തരത്തില്‍വ്യാപകമായ പ്രചരണമാണ് സര്‍ക്കാര്‍ നടത്തിയത്. സി.പി.എം സൈബര്‍ പോരാളികളും കഥയറിയാതെ ആട്ടം കാണല്‍ ആഘോഷമാക്കിയപ്പോള്‍ സംസ്ഥാനത്ത് രൂക്ഷമായ കൊവിഡിന്‍റെ യഥാര്‍ത്ഥ ചിത്രം മറയുകയായിരുന്നു.

എന്നാലിപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് വേരോടിയതിന്‍റെ യാഥാര്‍ത്ഥ്യം ഓരോ ദിവസത്തെയും കണക്കുകളായി പുറത്തുവരുമ്ബോള്‍ സര്‍ക്കാരിന്‍റെ പി.ആര്‍ വര്‍ക്കുകളുടെയും മുനയൊടിയുന്നു.

Anweshanam
www.anweshanam.com