ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ നാലരക്കോടിയുടെ ഉറവിടം എവിടെ നിന്നെന്ന് ഹൈക്കോടതി

കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ നാലരക്കോടിയുടെ ഉറവിടം എവിടെ നിന്നെന്ന്  ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രികാ ദിനപ്രതത്തിന് നല്‍കിയ നാലരക്കോടി രൂപയുടെ സാമ്പത്തിക ഉറവിടം എവിടെ നിന്നെന്ന ചോദ്യവുമായി ഹൈക്കോടതി. മുസ്‌ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ വി. കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം ഉന്നയിച്ചത്.

ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ പറഞ്ഞത്. ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി മാറ്റിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തൽ.ഇബ്രാഹിം കുഞ്ഞ് റോഡ് ഫണ്ട് ബോർഡ് വൈസ് ചെയർമാനുമായിരുന്നുവെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. റോഡ് ഫണ്ട് ബോർഡിൽ നിന്നാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് പണം അനുവദിച്ചത്. ഫണ്ടിംഗ് ഏജൻസിയായ റോഡ് ഫണ്ട് ബോർഡിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മന്ത്രിക്ക് ഒഴിയാനാകില്ലെന്നും വിജിലൻ കോടതിയിൽ വ്യക്തമാക്കി.

ALSOREAD അനധികൃതമായി വായ്പ അനുവദിച്ചു; പാലാരിവട്ടം പാലം അഴിമതികേസില്‍ മുഹമ്മദ് ഹനീഷ് പത്താം പ്രതി

ഇബ്രാഹിംകുഞ്ഞായിരുന്നു മുസ്ലിം പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടർ. ചന്ദ്രികയുടെ അച്ചടി കേന്ദ്രമായ മുസ്ലിം പബ്ലിഷിംഗ് ഹൗസിന് നാലരക്കോടി രൂപ നൽകിയെന്നും വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചന്ദ്രികാ ദിനപത്രത്തിന് നല്‍കിയ തുകയെക്കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്നും കോടതി വാദം കേള്‍ക്കലിനിടെ വ്യക്തമാക്കി. എന്നാല്‍ ഇതേതുടര്‍ന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വീണ്ടും വാദം തുടരും.

ALSOREAD ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ; ആശുപത്രി മാറ്റില്ല


ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കുവാൻ കോടതി വിജിലൻസിന് നിർദ്ദേശം നൽകി. ബോർഡ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കും. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ബോർഡിൽ അംഗമായിരിക്കണം. ബോർഡ് രൂപീകരിക്കുന്നതിൽ കോടതി നാളെ വാദം കേൾക്കും.

Related Stories

Anweshanam
www.anweshanam.com