
കൊച്ചി: സ്പെഷ്യല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി കോടതി സ്റ്റേ ചെയ്തു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, സ്പെഷ്യല്‍ അരി എന്ന നിലയില്‍ നേരത്തെയും അരി വിതരണം ചെയ്തിരുന്നുവെന്നും ഇത് ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഇലക്ഷന് മുന്നോടിയായാണ് അരി വിതരണം ചെയ്യുവാന്‍ ശ്രമിച്ചത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചത്.
അതേസമയം, 2020 ആഗസ്റ്റില്‍ സ്പെഷ്യല്‍ അരി വിതരണം നിര്‍ത്തി വച്ചിരുന്നു, മാര്‍ച്ച്, ഏപ്രിലില്‍ പുനരാരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അരി വിതരണം തടഞ്ഞത്. എന്നാല്‍ പിന്നോക്ക വിഭാഗത്തിനും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്കുന്ന അരിവിതരണം തടഞ്ഞിരുന്നില്ല.