സംസ്ഥാനത്ത് കനത്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Top News

സംസ്ഥാനത്ത് കനത്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

News Desk

News Desk

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. ഇന്ന് ആറ് ജില്ലകളില്‍ തീവ്ര മഴക്കുള്ള ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര മഴക്ക് ഒപ്പം ശക്തമായ കാറ്റുമുണ്ടാകും. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണസേന അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രളയ സാഹചര്യം ഇപ്പോഴില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത തള്ളി കളയാനാവില്ല. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.

കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ മഴയും കാറ്റും ശക്തമായതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്ത സാധ്യതാ മേഖലയില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റിതുടങ്ങി.

Anweshanam
www.anweshanam.com