സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ
Top News

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതി തീവ്ര മഴയ്ക്കാണ് സാധ്യത.

By News Desk

Published on :

കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതി തീവ്ര മഴയ്ക്കാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ആഗസ്ത് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. നാളെ 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ചൊവ്വാഴ്ചയോടെ രൂപ്പെടുന്ന ന്യൂനമര്‍ദം കേരളത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് പ്രവചിച്ചിട്ടില്ല. എങ്കിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

മഴക്കൊപ്പം 2,3 ,4 തീയതികളില്‍ കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കി മീ വരെയാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. കാലവര്‍ഷത്തില്‍ ജൂണ് ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 23 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ 1363 മില്ലീമീറ്റര്‍ മഴ പെയ്യേണ്ടിടത്ത് 1050 മില്ലീമീറ്റര്‍ മഴയാണ് അനുഭവപ്പെട്ടത്.

Anweshanam
www.anweshanam.com