സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; മലപ്പുറത്ത് റെഡ് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
Top News

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; മലപ്പുറത്ത് റെഡ് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നലെ രാത്രി പെയ്ത മഴയില്‍ വടക്കന്‍ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി.

News Desk

News Desk

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ രാത്രി പെയ്ത മഴയില്‍ വടക്കന്‍ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഇന്നും വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരും. ഇന്ന് മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

മലപ്പുറം ജില്ലയില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ മഹാപ്രളയവും 2019-ലെ വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച നിലമ്പൂരില്‍ അതീവജാഗ്രത തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

കേരള തീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. മീന്‍പിടുത്തക്കാര്‍ യാതൊരുകാരണവശാലും കടലില്‍ പോകരുത്. നദിതീരങ്ങളിലുള്ളവരും, തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവമാണ് കേരളത്തില്‍ ഇപ്പോള്‍ കാലവര്‍ഷം സജീവമാകാന്‍ കാരണം. അതേസമയം, ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Anweshanam
www.anweshanam.com