സംസ്ഥാനത്ത് ഇന്നും കനത്ത മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്നും കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 11 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം. അടുത്തമാസം രണ്ടാം തിയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണം. ഇന്നലെ കോട്ടയം ജില്ലയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 20 സെന്റീമീറ്റര്‍. വൈക്കത്ത് 19 സെന്റീമീറ്ററും ചേര്‍ത്തലയില്‍ 18 സെ.മീ മഴയും രേഖപ്പെടുത്തി.

ഇന്നലെ ആരംഭിച്ച മഴ കോഴിക്കോട് ജില്ലയില്‍ രാത്രി കഴിഞ്ഞും തുടരുകയാണ്. കനത്ത മഴയില്‍ തൊട്ടില്‍പാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കരകവിഞ്ഞൊഴുകി ജാനകികാട് റോഡിലും വെള്ളം കയറി. ജാനകികാടിനടുത്ത് തുരുത്തില്‍ കുടിങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ജില്ലയില്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റ്യാടിയില്‍ കനത്ത മഴയില്‍ നിരവധി കടകളില്‍ വെള്ളം കയറി.

Related Stories

Anweshanam
www.anweshanam.com