നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസ്: ആരോഗ്യ പ്രവര്‍ത്തകനെ റിമാന്‍റ് ചെയ്തു
Top News

നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസ്: ആരോഗ്യ പ്രവര്‍ത്തകനെ റിമാന്‍റ് ചെയ്തു

ക്വാറന്‍റീന്‍ ലംഘിച്ച വിവരം പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്

News Desk

News Desk

തിരുവനന്തപുരം: കുളത്തുപ്പുഴയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ പ്രദീപിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ പാങ്ങോട് പൊലീസ് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയത്.

ക്വാറന്‍റീന്‍ ലംഘിച്ച വിവരം പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതി കൊവിഡ് സർട്ടിഫിക്കറ്റിനായാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപിന്‍റെ സഹായം തേടിയത്. സെപ്റ്റംബർ മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷമാണ് യുവതി ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ പാങ്ങോട്ടെ വീട്ടിലെത്തിയത്. അകത്തുകടന്നയുടൻ ഇയാൾ യുവതിയെ മർദിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

രാത്രി മുഴുവൻ മണിക്കൂറുകളോളം പീഡനം തുടർന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടിൽനിന്ന് മോചിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അവശയായനിലയിൽ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി കണ്ട് വീട്ടുകാർ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയും വെള്ളറട പോലീസിൽ പരാതി നൽകുകയുമായിരുന്നു. എന്നാൽ സംഭവം നടന്നത് പാങ്ങോട് സ്റ്റേഷൻ പരിധിയിലായതിനാൽ വെള്ളറട പോലീസ് പാങ്ങോട് പോലീസിന് പരാതി കൈമാറി. ഇതിനുപിന്നാലെയാണ് പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ കസ്റ്റഡിയിലെടുത്തത്.

യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച പാങ്ങോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ANWESHANAM പ്രധാനവാര്‍ത്തകള്‍ 00:00 02:51 Url iFrame
Anweshanam
www.anweshanam.com