ഡോക്ടർമാരുടെ സമരം; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച പുരോഗമിക്കുന്നു

കോവിഡ് പ്രതിരോധത്തിന്‍റെ ഏകോപനം താളം തെറ്റിയതോടെയാണ് സര്‍ക്കാര്‍ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത്.
ഡോക്ടർമാരുടെ സമരം; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച പുരോഗമിക്കുന്നു

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരം ചെയ്ത സർക്കാർ ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ചർച്ച നടത്തുന്നു. മുഴുവൻ മെഡിക്കൽ കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ നിർത്തി വച്ചാണ് ഇന്ന് ഡോക്ടർമാർ സമരം ചെയ്യുന്നത്.

തിരുവനന്തപുരത്തെ നോഡൽ ഓഫീസർ ഡോ. അരുണയെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കോവിഡ് നോഡൽ ഓഫീസർമാരുടെ പദവി ഡോക്ടർമാർ കൂട്ടത്തോടെ രാജി വച്ചിരുന്നു. ഇതോടെ, സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്‍റെ ഏകോപനം തന്നെ താളം തെറ്റിയതോടെയാണ് സർക്കാർ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത്.

കെജിഎംസിടിഎ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നവസാനിക്കുന്നതിന് മുന്നോടിയായാണ് ഡോക്ടർമാർ സമരം ശക്തമാക്കിയത്. ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം.

ജീവനക്കാരുടെ കുറവ് നികത്തണം. സസ്പെൻഡ് ചെയ്ത ആരോഗ്യപ്രവർത്തകരെ ഉപാധികളില്ലാതെ തിരിച്ചെടുക്കണം. ജീവനക്കാരുടെ രൂക്ഷമായ ആൾക്ഷാമത്തിനിടെ അധികച്ചുമതല വഹിക്കാനാകില്ല. ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയ തീരുമാനം പിൻവലിക്കണം. 10 ദിവസം കൊവിഡ് ഡ്യൂട്ടിക്ക് 7 ദിവസം ഓഫ് എന്നത് റദ്ദാക്കിയ തീരുമാനമാണ് അടിയന്തരമായി പിൻവലിക്കേണ്ടത്. മറ്റു സർക്കാർ ജീവനക്കാർക്കൊപ്പം ആരോഗ്യപ്രവർത്തകരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കില്ല. പിടിച്ച ശമ്പളം തിരികെ നൽകണം. തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കുന്നത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു സർക്കാര്‍ നിലപാട്. കോവിഡ് സാഹചര്യത്തിൽ പെട്ടെന്ന് ജീവനക്കാരുടെ എണ്ണം കൂട്ടാനാവില്ല. നോഡൽ ഓഫീസർമാർ രാജിവെച്ചാൽ പുതിയ വഴി തേടും. സമ്മർദങ്ങൾക്ക് ഈ ഘട്ടത്തിൽ വഴങ്ങില്ല. ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയത് കേന്ദ്ര മാനദണ്ഡ പ്രകാരമാണ്. ഈ സമയത്ത് അവധി നൽകിയാൽ ആൾക്ഷാമം രൂക്ഷമാകും തുടങ്ങിയവയായിരുന്നു സര്‍ക്കാര്‍ വാദങ്ങള്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com