പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി
Top News

പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ശരിവെച്ച് ഹൈക്കോടതി.

News Desk

News Desk

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ശരിവെച്ച് ഹൈക്കോടതി. സിബിഐ അന്വേഷണത്തിനെതിരായുളള സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് സിബിഐക്ക് വിട്ടത്.

എന്നാല്‍ കേസില്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കോടതി റദ്ദാക്കിയിട്ടില്ല. സിബിഐക്ക് വേണമെങ്കില്‍ കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം. സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസില്‍ വിചാരണ നടപടികള്‍ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാദം പൂര്‍ത്തിയായി ഒമ്പതുമാസവും ഒമ്പതുദിവസവും കഴിഞ്ഞ ശേഷമാണ് വിധിപറഞ്ഞത്.വിധി വൈകുന്ന സാഹചര്യത്തില്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു.

2019 സെപ്റ്റംബര്‍ 30 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിള്‍ ബഞ്ച് സിബിഐയ്ക്ക് കൈമാറിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. 2019 ഓക്ടോബര്‍ 29ന് സിബിഐ 13 പ്രതികളെ ഉള്‍പ്പെടുത്തി എഫ്ഐഐആര്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ അപ്പീല്‍ വന്നതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. വിധി പ്രസ്താവം വൈകുന്ന സാഹചര്യം മുതലാക്കി കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യ ഹര്‍ജിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Anweshanam
www.anweshanam.com