ഹത്രാസ് ബലാത്സംഗം; യുവതിയുടെ മരണത്തിന് കാരണം നട്ടെല്ലിനേറ്റ പരിക്ക്

യുപി സര്‍ക്കാരിനെതിരെ ദളിത് എംപിമാര്‍.
ഹത്രാസ് ബലാത്സംഗം; യുവതിയുടെ മരണത്തിന് കാരണം നട്ടെല്ലിനേറ്റ പരിക്ക്

ന്യൂ ഡല്‍ഹി: നട്ടെല്ലിനേറ്റ ഗുരുതര പരിക്കാണ് ഹത്രാസ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാത്സംഗം നടന്നോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് സാമ്പിളുകള്‍ അയച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹത്രാസില്‍ ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കേ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ന് പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കും.

പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കുകളുണ്ടെങ്കിലും ബലാത്സംഗത്തിനിടെ നടന്നതാണോയെന്ന് വ്യക്തമല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. സുഷുമ്ന നാഡിക്കുണ്ടായ ക്ഷതം വഴിയുണ്ടായ അണുബാധയാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്തിലെ എല്ലുകള്‍ക്കും പൊട്ടലുണ്ട്.

അതേസമയം, സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ വീഴ്ചയെ അപലപിച്ച് പാര്‍ട്ടിയുടെ ദളിത് എംപിമാര്‍ രംഗത്തെത്തി. പ്രതികളെ തൂക്കിലേറ്റണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആവശ്യപ്പെട്ടു. ബിജെപി എസ്സി മോര്‍ച്ച നേതാവും, കൗശമ്പി എംപിയുമായ വിനോദ് കുമാര്‍ സോങ്കറാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് തുടക്കമിട്ടത്. പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനം രൂക്ഷമായതോടെ ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com