
ലക്നൗ: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഹത്രാസ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യോഗി ആദിത്യനാഥ് സർക്കാരിന്റെ യുപി പോലീസ് പറഞ്ഞതിനെ തള്ളിയാണ് സിബിഐ റിപ്പോർട്ട്. ഇരുപതുകാരിയായ ദലിത് പെണ്‍കുട്ടിയെ നാലു പ്രതികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് യുപി പൊലീസ് അവകാശപ്പെട്ടത്. എന്നാൽ ഇത് വ്യാജമാണെന്ന് ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു. ഇതിനെ ശരിവെക്കുന്നതും യുപി പൊലീസിനെ തള്ളുന്നതുമാണ് സിബിഐ റിപ്പോർട്ട്.
കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് സിബിഐ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹത്രാസിലെ കോടതിയില്‍ ഇന്ന് ഉച്ചയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സെപ്റ്റംബര്‍ 14നാണ് രാജ്യത്തെ നടക്കിയ കേസിലെ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. അവശനിലയില്‍ വയലില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 30ന് മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി രഹസ്യമായി സംസ്കരിച്ചത് വിവാദമായിരുന്നു. പ്രതിഷേധം ഭയന്നായിരുന്നു ഇതെന്നാണ് യുപി പൊലീസ് പറഞ്ഞത്.
എന്നാൽ തെളിവുകൾ നശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു നടപടി എന്ന് ആരോപണം ഉയർന്നു. ഗ്രാമത്തിലേക്ക് മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ ആരെയും പ്രവേശിപ്പിക്കാതെ യുപി പൊലീസ് സുരക്ഷയൊരുക്കി. ഗ്രാമത്തിലേക്ക് പോകാൻ ശ്രമിച്ച രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസിനാൽ ആക്രമിക്കപ്പെട്ടു. പിന്നീട് ഇവർ വീണ്ടും പോയതിനെ തുടർന്നാണ് ഗ്രാമത്തിലേക്ക് മാധ്യമങ്ങൾ ഉൾപ്പെടെ എത്താനായത്.
പ്രതിഷേധം ശക്തമായതോടെ യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തത്. അന്വേഷണ അലഹാബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.