
ലക്നൗ: ഹത്രാസ് കൂട്ടബലാത്സംഗ കൊലയിൽ അന്വേഷണം പൂർത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണ സംഘങ്ങൾ മൊഴിയെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി,ഡിഎസ്പി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ സസ്പെൻഡ് ചെയ്തത്.
പ്രതികളിൽ ഒരാളെ പെൺകുട്ടി നിരവധി തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ അന്വേഷണഘട്ടത്തിൽ എസ്ഐടി പുറത്തുവിട്ടത് വിവാദമായിരുന്നു. സുരക്ഷാ ഭീഷണിയുള്ളതിനാൽ ഹത്രാസിൽ നിന്ന് ഡല്‍ഹി യിലേക്ക് താമസം മാറാൻ സഹായിക്കണമെന്നും കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.
അന്വേഷണ റിപ്പോർട്ട് യുപി കോടതിയിൽ നൽകാതെ സിബിഐ സുപ്രീംകോടതിയിൽ നൽകണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് അന്വേഷണ മേൽനോട്ടത്തിന് റിട്ട സുപ്രീംകോടതിയെ ജഡ്ജിയെ നിയമിക്കാനുള്ള സാധ്യതയും ഉണ്ട്. അന്വേഷണം കോടതിമേൽനോട്ടത്തിൽ നടത്തണമെന്നാണ് ഇപ്പോൾ യുപി സർക്കാരിന്റെയും ആവശ്യം. ഈ കേസിലെ ഉത്തരവ് തിങ്കളാഴ്ച ഉണ്ടായേക്കും.