ഹത്രസ് കേസ് സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍

കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്
ഹത്രസ് കേസ് സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍

ലക്നൗ: ഹത്രസ് പീഡന കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.

പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യുപി പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ന് ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നാണ് യുപി പോലീസ് അനുമതി നല്‍കിയത്.

ഇന്ന് വൈകിട്ട് ഹത്രസിലെ ഗ്രാമത്തിലെത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ടിരുന്നു. കഴിഞ്ഞ ദിവസം ഹത്രസിലേക്ക് പോകാൻ എത്തിയ രാഹുലിനെ യുപി പൊലീസ് കൈകാര്യം ചെയ്തത് വലിയ വിവാദമായിരുന്നു.

അതേസമയം ഹത്രസിലെത്തി പ്രിയങ്കയും രാഹുലും യുവതിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുവതിയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നതെന്നും കുടുംബത്തിന് സുരക്ഷഭീഷണിയുള്ളതിനാൽ അവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

കൊലപ്പെട്ട മകളെ അവസാനമായി ഒരു നോക്ക് കാണാൻ ഈ പാവം കുടുംബത്തിന് സാധിച്ചില്ല. തൻ്റെ ഉത്തരവാദിത്തങ്ങൾ എന്താണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചറിയണം. ഈ കുടുംബത്തിന് നീതി കിട്ടും വരെ ഞങ്ങളുടെ പോരാട്ടം തുടരും. യുവതിയുടെ കുടുംബത്തെ നിശബ്ദരാക്കാൻ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ തടഞ്ഞ് അര്‍ധരാത്രിയില്‍ സംസ്‌കരിച്ചത്.

പെണ്‍കുട്ടി ബലാത്സംഗത്തിരയായിട്ടില്ലെന്ന പോലീസിന്റെ വാദവും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com