ഹത്രാസ് സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഇന്ന് മാർച്ച്

പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ അതിരൂക്ഷ വിമ‍ര്‍ശനമാണ് ആസാദ് നടത്തിയത്
ഹത്രാസ് സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഇന്ന് മാർച്ച്

ന്യൂഡൽഹി: ഹത്രാസിലെ പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഭീം ആ‍ര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഇന്ത്യാ​ഗേറ്റിലേക്ക് മാ‍ര്‍ച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്. ജന്തര്‍ മന്തറില്‍ നിന്നുമാണ് ഭീം ആ‍ര്‍മി ഇന്ത്യാ​ഗേറ്റിലേക്ക് മാ‍ര്‍ച്ച്‌ നടത്തുന്നത്. അതേസമയം മാ‍ര്‍ച്ച്‌ തടയുമെന്ന വ്യക്തമാക്കിയ ഡൽഹി പൊലീസ് ഇന്ത്യാ​ഗേറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹത്റാസ് സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ അതിരൂക്ഷ വിമ‍ര്‍ശനമാണ് ആസാദ് നടത്തിയത്. യുപിയില്‍ നിന്നുള്ള ലോക്സഭാം​ഗമാണ് പ്രധാനമന്ത്രി. ഹത്റാസിന്റെ മകളായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. അവളുടെ എല്ലുകള്‍ മ‍ര്‍ദ്ദനത്തില്‍ തകര്‍ന്നു, മാലിന്യം കത്തിക്കും പോലെ അവളെ സംസ്കരിച്ചു. ഇത്രയും ക്രൂരമായ മനുഷ്യാവകാശലംഘനം യുപിയില്‍ നടന്നിട്ടും അതേക്കുറിച്ച്‌ അദ്ദേഹം ഒരക്ഷരം മിണ്ടാന്‍ തയ്യാറല്ല. പ്രധാനമന്ത്രിയുടെ മൗനം നമ്മുടെ പെണ്‍മക്കളുടെ സുരക്ഷ തുലാസിലാക്കിയിരിക്കുകയാണ് - മോദിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ആസാദ് പറഞ്ഞു.

അതേസമയം, പെൺകുട്ടിയുടെ സ്വദേശമായ യുപിയിലെ ഹത്റാസിലെ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ച തൃണമൂല്‍ കോണ്‍​ഗ്രസ് എംപി ഡെറിക് ഒബ്റിയാനേയും സംഘത്തേയും യുപി പൊലീസ് ത‌‌ടഞ്ഞു. ഇതേ തുട‍ര്‍ന്നുണ്ടായ ഉന്തിലും തള്ളിലും ഒബ്രയാന്‍ അടക്കമുള്ള നേതാക്കള്‍ നിലത്തു വീണു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഡെറിക് ഒബ്റിയാനെ ഒന്നര കിലോമീറ്റര്‍ അകലെയാണ് പൊലീസ് തടഞ്ഞത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞിരുന്നു. രാഹുലിനെ പൊലീസ് കയ്യേറ്റം ചെയ്യുകയും ചെയ്തു.

Related Stories

Anweshanam
www.anweshanam.com