
കണ്ണൂര്‍: എൽഡിഎഫ് സര്‍ക്കാരിനെ കടലില്‍ എറിയണമെന്ന സുരേഷ് ഗോപി എംപിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാതാരം ഹരീഷ് പേരടി.
അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം... ഹരീഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇടതുസര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും ഇത്രയും മോശപ്പെട്ട ഭരണം ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി പ്രസ്താവിച്ചത്. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ പരാമർശം.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം
അറബി കടലിൽ എറിയുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾ എറിയാൻ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം...എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമർദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളിൽ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്. ആ ചുഴലിയിൽ പിന്നെ നിങ്ങളുടേത് എന്ന് പറയാൻ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യൻ മാത്രം കത്തി നിൽക്കും...കളമറിഞ്ഞ് കളിക്കുക.