ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം; സർക്കാർ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു
Top News

ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം; സർക്കാർ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷവും ഓണസദ്യയും പാടില്ല. ഭക്ഷണശാലകളില്‍ സാമൂഹിക അകലം പാലിച്ച്‌ ഭക്ഷണം കഴിക്കാം

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ച ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്.

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷവും ഓണസദ്യയും പാടില്ല. ഭക്ഷണശാലകളില്‍ സാമൂഹിക അകലം പാലിച്ച്‌ ഭക്ഷണം കഴിക്കാം. കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരേയും ഹോട്ടലുകള്‍ രാത്രി ഒന്‍പത് മണിവരേയും തുറക്കാം. ഇത് സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെ യോഗം വിളിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിക്കവാറും ഹോട്ടലുകളും റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാനുള്ള അനുമതി നല്‍കും. ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി. ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും പരിശോധന നടത്താനും ആരോഗ്യവകുപ്പ് തയ്യറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കോവിഡ് മുന്‍കരുതലുകള്‍ യുവജനങ്ങള്‍ വേണ്ടത്ര പാലിക്കുന്നില്ല എന്ന പൊതു അഭിപ്രായം ഉണ്ട്. അതിനാല്‍ മാസ്‌കുകള്‍ ധരിക്കുന്നതുള്‍പ്പെടെയുള്ള കാമ്പയിന്‍ നടത്താന്‍ ബന്ധപ്പട്ട വകുപ്പുകള്‍ തയ്യാറാകണം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കും. കോവിഡ്-19 ബ്രിഗേഡ് സ്‌പെഷ്യല്‍ ടീമിനെ ജയിലില്‍ നിയോഗിക്കും.

65 വയസ്സു കഴിഞ്ഞ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും ജയില്‍ ഡിജിപിയെയും ചുമതലപ്പെടുത്തി. ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com