
തിരുവനന്തപുരം: ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശം നാളെത്തന്നെ ഉണ്ടാകും. ജോസ് കെ മാണി എകെജി സെന്ററിലെത്തി കോടിയേരിയെയും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെയും മറ്റ് പ്രമുഖനേതാക്കളെയും നേരിട്ട് കണ്ടു. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെ രാവിലെ ജോസ് കെ മാണി എകെജി സെന്ററിലെ സ്വന്തം വാഹനത്തില്‍ എത്തിയിരുന്നു.
നാളെത്തന്നെ എല്‍ഡിഎഫ് യോഗം വിളിച്ചുചേര്‍ക്കാനാണ് സാധ്യത. ഇതില്‍ ജോസിന്റെ മുന്നണിപ്രവേശനം എന്ന് വേണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും. തദ്ദേശഭരണതെരഞ്ഞെടുപ്പിന് മുൻപ് തന്നെ മുന്നണിപ്രവേശമുണ്ടാകുമെന്നാണ് ജോസ് കെ മാണി എകെജി സെന്ററിലെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം പറഞ്ഞത്.
ജോസ് കെ മാണിക്ക് സീറ്റുകള്‍ കൃത്യമായി തദ്ദേശതെരഞ്ഞെടുപ്പില്‍ മാറ്റിവച്ചാണ് മറ്റ് ഘടകക്ഷികളുമായി ചര്‍ച്ച നടത്തിയത്. പ്രത്യേകിച്ച് മധ്യകേരളത്തില്‍ ജോസ് കെ മാണിയെ കൂടെക്കൂട്ടുന്നത് തദ്ദേശതെരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
അതിനാല്‍ത്തന്നെയാണ്, മറ്റൊരു പാര്‍ട്ടിക്കും നല്‍കാത്ത പരിഗണന ജോസ് കെ മാണിക്ക് സിപിഎം നല്‍കുന്നത്. മുന്നണിയിലേക്ക് കടക്കുമോ, അതോ സഹകരണം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന അഭ്യൂഹങ്ങള്‍ക്കും ഇതോടെ അവസാനമാകുകയാണ്.