കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, എതിര്‍ക്കുന്നത് ഏതാനും കര്‍ഷകര്‍ മാത്രം; കേന്ദ്രം കോടതിയില്‍

പുതിയ നിയമങ്ങള്‍ക്ക് രാജ്യമെങ്ങും സ്വീകാര്യതയുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, എതിര്‍ക്കുന്നത് ഏതാനും കര്‍ഷകര്‍ മാത്രം; കേന്ദ്രം കോടതിയില്‍

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം സ്വീകാര്യമല്ല. സമരക്കാരുടെ വാദം അന്യായമാണ്. കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നത് ഏതാനും കര്‍ഷകര്‍ മാത്രമെന്നും കേന്ദ്രം പറഞ്ഞു.

കൂടിയാലോചനയില്ലാതെയാണ് നിയമങ്ങള്‍ പാസാക്കിയതെന്ന നിലപാട് തെറ്റാണ്. പുതിയ നിയമങ്ങള്‍ക്ക് രാജ്യമെങ്ങും സ്വീകാര്യതയുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും നിയമം സ്വീകാര്യമാണ്. ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് അതിനെതിരെ പ്രതിഷേധിക്കുന്നത്. അവരുമായി ചര്‍ച്ചയ്ക്ക് നിരവധി തവണ ശ്രമിച്ചു. ചര്‍ച്ച തുടരുകയാണ്. എന്നാല്‍ സമരവുമായി ബന്ധപ്പെട്ട തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ പ്രചാരണം നടത്തുന്നു എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നതിന് പിന്നാലെ വൈകീട്ടോടെ കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.

അതിനിടെ ജനുവരി 26 ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷയും സമര്‍പ്പിച്ചു. ഈ അപേക്ഷയും ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com