കര്‍ഷക സമരം: റാബി വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ഗോതമ്പിന്റെ താങ്ങുവില 50 രൂപയാണ് വര്‍ധിപ്പച്ചത്
കര്‍ഷക സമരം: റാബി വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റാബി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം- സീ ന്യൂസ്‌ റിപ്പോര്‍ട്ട്.

ഗോതമ്പിന്റെ താങ്ങുവില 50 രൂപയാണ് വര്‍ധിപ്പച്ചത്. ഈ സീസണില്‍ 1975 രൂപയായിരിക്കും ഗോതമ്പിന്റെ താങ്ങുവില. കടുകിന്റെയും പയറുവര്‍ഗങ്ങളുടെയും താങ്ങുവിലയില്‍ 225 രൂപയുടെ വര്‍ധനവുണ്ടായി. പരിപ്പിന്റെ താങ്ങുവിലയിലാണ് ഏറ്റവും വലിയ വര്‍ധന. 300 രൂപയാണ് പരിപ്പിന് വര്‍ധിപ്പിച്ചത്. റാബി വിളകളുടെ താങ്ങുവില വര്‍ധനവ് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കിയെന്ന് എക്കണോമിക് അഫയേഴ്‌സ് കാബിനറ്റ് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്‍ പാസാക്കിയ നടപടിക്ക് പിന്നാലെയാണ് റാഗി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബിലെയും ഹരിയാണയിലെയും കര്‍ഷക സംഘടനകള്‍ വന്‍ പ്രക്ഷോഭത്തിനാണ് ആഹ്വാനം നല്‍കിയിട്ടുള്ളത്. സെപ്റ്റംബര്‍ 25 ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാല്‍, കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ അനായാസം വിറ്റഴിക്കാന്‍ അവസരം ഒരുക്കുന്നതാണ് ബില്ലുകളെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പുതിയ നിയമം കാര്‍ഷിക വിപണിയില്‍നിന്ന് ഇടനിലക്കാരെ ഒഴിവാക്കുമെന്നും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ട് പോലെയുള്ള വന്‍കിടക്കാര്‍ക്ക് നേരിട്ട് വില്‍ക്കാന്‍ വഴിതെളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

എന്നാല്‍, ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നാണ് പ്രതിപക്ഷവും ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്ളും ആരോപിക്കുന്നത്. ബില്ലിൽ പ്രതിഷേധിച്ച് അകാലി ദള്‍ നേതാവ് ഹര്‍സിമ്രത്ത് കൗര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com