
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്യം കണ്ട ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണ് സമരമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുത്തകകളെ സഹായിക്കുന്നവയാണ് കാര്‍ഷികനിയമങ്ങളെന്നും താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയമെന്നും ഇത് കേരളത്തിന് തിരിച്ചടിയാവുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ സഭ ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഡോളര്‍ കടത്തില്‍ സംശയത്തിന്റെ നിഴലിലായ സ്പീക്കര്‍ രാജിവച്ച് സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളം, സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്, തുടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരിക്കുന്നത്.