കര്‍ഷകരുമായി ചര്‍ച്ചക്ക് തയാറെന്ന്‌ കേന്ദ്രത്തിന്‍റെ കത്ത്; തീയതി കര്‍ഷകര്‍ക്ക് തീരുമാനിക്കാം

ചര്‍ച്ചയ്ക്കുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ക്ഷണം കര്‍ഷക സംഘടനകള്‍ നേരത്തെ തള്ളിയിരുന്നു
കര്‍ഷകരുമായി ചര്‍ച്ചക്ക് തയാറെന്ന്‌ കേന്ദ്രത്തിന്‍റെ കത്ത്; തീയതി കര്‍ഷകര്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: കര്‍ഷകരുമായി വീണ്ടും ചര്‍ച്ചക്ക് തയാറാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. പ്രയോജനകരമല്ലാത്ത ഭേദഗതികള്‍ ആവര്‍ത്തിക്കുന്നതിന് പകരം വ്യക്തമായ ഒരു തീരുമാനത്തിലെത്തണമെന്ന് കഴിഞ്ഞ ദിവസം കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച്‌ സംയുക്ത കിസാന്‍ മോര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചത്.

ചര്‍ച്ചയ്ക്കുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ക്ഷണം കര്‍ഷക സംഘടനകള്‍ നേരത്തെ തള്ളിയിരുന്നു. പുതിയ അജണ്ട തയ്യാറാക്കാതെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാളാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ട് കര്‍ഷക സംഘടനകള്‍ അയച്ച കത്തിന് മറുപടിയായാണ് കൃഷി മന്ത്രാലയം പുതിയ കത്തയച്ചിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോടുള്ള ബഹുമാനം മനസില്‍ സൂക്ഷിച്ചുകൊണ്ടും തുറന്ന മനസോടും നിരവധി തവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. അടുത്ത ചര്‍ച്ച കര്‍ഷക സംഘടനകളുടെ സൗകര്യ പ്രകാരം നടത്താമെന്നും വ്യക്തമാക്കിയതാണ്. താങ്ങുവില അടക്കമുള്ള കാര്യങ്ങളെപ്പറ്റി ഡിസംബര്‍ ഒന്ന്, മൂന്ന്, അഞ്ച് തീയതികളില്‍ അഞ്ച് ഘട്ടങ്ങളായി നടന്ന ചര്‍ച്ചകള്‍ക്കിടെ വിശദമായി വിശദീകരിച്ചതാണ്. എന്നാല്‍, കര്‍ഷകര്‍ ഉയര്‍ത്തുന്ന എല്ലാ പ്രശ്‌നങ്ങളും തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ ഇനിയും തയ്യാറാണ്.

അടുത്ത ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും ദയവായി അറിയിക്കുക. മന്ത്രിതല സമിതിയുമായി ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ചര്‍ച്ച നടത്താമെന്നും വിവേക് അഗര്‍വാള്‍ ഒപ്പുവച്ച കത്തില്‍ പറയുന്നു.

നേരത്തെ അഞ്ച് തവണ കേന്ദ്രവും കര്‍ഷകരും തമ്മില്‍ നടത്തിയ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞിരുന്നു. ചര്‍ച്ചക്ക് തയാറാണെന്നും എല്ലാ അഭിപ്രായങ്ങളും കേള്‍ക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും കത്തില്‍ പറയുന്നു. അതേസമയം, അവശ്യസാധന നിയമത്തില്‍ തങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കത്തില്‍ പറയുന്നു.

കര്‍ഷകരുടെ സമരം 28-ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. നവംബര്‍ 26ന് ആരംഭിച്ച സമരം ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തുടരുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com