കര്‍ഷക സംഘടനകളുമായി സര്‍ക്കാരിന്‍റെ ചര്‍ച്ച ഇന്ന്

ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കാണ് യോഗം ആരംഭിക്കുക
കര്‍ഷക സംഘടനകളുമായി സര്‍ക്കാരിന്‍റെ ചര്‍ച്ച ഇന്ന്

ന്യൂഡൽഹി: കര്‍ഷക സംഘടനകളുമായി സര്‍ക്കാരിന്‍റെ ചര്‍ച്ച ഇന്ന്. കര്‍ഷക സംഘടകള്‍ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിലാണ് ഇന്നത്തെ ചര്‍ച്ച. നിയമങ്ങള്‍ പിന്‍വലിക്കുക, സൗജന്യ വൈദ്യുതി, താങ്ങുവില ഉറപ്പാക്കുക, വൈക്കോല്‍ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക

എന്നീ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതില്‍ നിയമങ്ങള്‍ റദ്ദാക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന സൂചനയുണ്ട്.

ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കാണ് യോഗം ആരംഭിക്കുക. 21 ദിവസത്തിന് ശേഷമാണ് കര്‍ഷകരും സര്‍ക്കാരും ചര്‍ച്ചക്കായി വീണ്ടും എത്തുന്നത്. പുതുവര്‍ഷത്തിലേക്ക് സമരം നീണ്ടുപോകാതിരിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം.

കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ മണിപ്പൂരിലും ഹൈദരാബാദിലും ഇന്ന് കര്‍ഷക റാലികള്‍ സംഘടിപ്പിക്കും. അതേസമയം, കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച്‌ രാജ്യത്തെ ഒരുലക്ഷം ഇടങ്ങളില്‍ ഇന്ന് സിഐടിയു പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രസര്‍ക്കാരിന് ഇന്നലെ അയച്ച കത്തിലും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചയ്ക്കൊപ്പം സമരവും എന്ന നിലപാടിലും കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം ഇന്ന് മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. സിംഗു അടക്കം സമരകേന്ദ്രങ്ങളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തില്‍ അണിചേരും. ജനുവരി ഒന്ന് മുതല്‍ കോര്‍പറേറ്റുകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ മഹാരാഷ്ട്രയിലെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ ജനുവരി എട്ടിന് ജയില്‍ നിറയ്ക്കല്‍ സമരം നടത്തും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com