കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ വധശ്രമം

കള്ളക്കടത്ത് സംഘത്തെ തടഞ്ഞ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു
കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ വധശ്രമം

കോഴിക്കോട്: മലപ്പുറത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥനു നേരെ വധശ്രമം. സ്വര്‍ണ്ണക്കടത്ത് സംഘമാണ് ആക്രമണത്തിന് പിന്നില്‍. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വെച്ചാണ് സംഭവം.

ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ ആല്‍ബര്‍ട്ട് ജോര്‍ജ്, ഡിആര്‍ഐ ഡ്രൈവര്‍ നജീബ് എന്നിവരെയാണ് സംഘം ഇടിച്ചത്. ഉദ്യോഗസ്ഥന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ പുളിക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നതായി ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നും പുളിക്കലേക്ക് വരുന്ന റോഡില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വാഹനം തടയാനായി നില്‍ക്കുകയായിരുന്നു. കൈ കാട്ടിയിട്ടും വാഹനം നിര്‍ത്താത്തിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ റോഡിലേക്ക് കയറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചു.

ഈ വാഹനത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എത്ര സ്വര്‍ണം പിടിച്ചെടുത്തുവെന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com