സ്വപ്‍നയെ ആലപ്പുഴയിൽ ഒളിവിൽ താമസിപ്പിച്ച ആ വ്യവസായി ആര് ?

സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഈ വ്യവസായി ആലപ്പുഴയിലെ പാർട്ടി സംവിധാനത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നാണ് അറിവ്
സ്വപ്‍നയെ ആലപ്പുഴയിൽ ഒളിവിൽ താമസിപ്പിച്ച ആ വ്യവസായി ആര് ?

ആലപ്പുഴ: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും രണ്ട് ദിവസങ്ങൾ ഒളിവിൽ താമസിച്ചത് ആലപ്പുഴ തുറവൂരിലെ വ്യവാസിയുടെ വീട്ടിൽ എന്ന വിവരം കഴിഞ്ഞ ദിവസം മുതൽ പുറത്തു വരുന്നുണ്ട്. എന്നാൽ ഈ വ്യവസായി ആരാണെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാണ്. ആലപ്പുഴ അന്ധകാരനാഴിയിൽ താമസിക്കുന്ന വ്യവസായി ആണെന്നാണ് പരക്കുന്ന അഭ്യൂഹങ്ങൾ. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഈ വ്യവസായി ആലപ്പുഴയിലെ പാർട്ടി സംവിധാനത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നാണ് അറിവ്.

കിരൺ എന്നയാളാണ് സ്വപ്‌നയെയും സന്ദീപിനെയും ഒളിവിൽ താമസിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് വി വി രാജേഷ് മാതൃഭൂമി ചാനൽ ചർച്ചക്കിടെ പറഞ്ഞിരുന്നു. അഭ്യൂങ്ങൾ പരക്കുന്ന വ്യവസായിയുടെ പേരും ഇതിനോട് സാമ്യമുള്ളതാണ്. കിരൺ മാർഷൽ എന്ന വ്യക്തിയാണ് ഇവരെ ഒളിവിൽ താമസിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾക്ക് സിപിഎം നേതാക്കളുമായി ഏറെ ബന്ധമുണ്ടെന്ന കാര്യം കഴിഞ്ഞ ദിവസം ജയ്‌ഹിന്ദ്‌ ടിവിയും പുറത്തുവിട്ടിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള റൈഫിൾ ക്ലബ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ തുടങ്ങിയവർ ഉൾപ്പെടെ പങ്കെടുത്തിരുന്നു.

പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ ഇപ്പോൾ ഇയാൾ ആണ് ഉപയോഗിക്കുന്നത്. KL 01 AF 7575 എന്ന വാഹനമാണ് കിരൺ എന്ന വ്യവസായി ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ വ്യവസായിയുടെ മറ്റൊരു വ്യവസായ സംരംഭത്തിന്റെ ഉദ്ഘാടനത്തിലും ജി സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു എന്നാണ് വിവരം. ആലപ്പുഴയിൽ തന്നെയുള്ള ഈ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നടത്തിയത് ജി സുധാകരനും അടുക്കള ഉദ്ഘാടനം ചെയ്‌തത്‌ മുഖ്യമന്ത്രിയുടെ ഭാര്യ കമലം ആയിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബവുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു.

പാർട്ടി സെക്രട്ടറി ആയിരുന്ന സമയത്ത് ആലപ്പുഴ വഴി സഞ്ചരിക്കുന്ന വേളയിൽ പിണറായി വിജയൻ ഇയാളുടെ വീട്ടിൽ സന്ദർശിക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് പുറമെ ജി സുധാകരനും ഇയാളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നുമാണ് ആരോപണം. അതേസമയം, വ്യവസായിയുമായുള്ള മുതിർന്ന നേതാക്കളുടെ അടുത്ത ബന്ധത്തിൽ പ്രാദേശിക നേതാക്കൾക്ക് അതൃപ്‌തിയുണ്ട്. ഇത് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

യുഎഇ കോൺസുലേറ്റ് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ പിടിയിലാകുമെന്ന സാഹചര്യത്തിലാണ് പ്രതികളായ സ്വപ്‍ന സുരേഷും സന്ദീപ് നായരും ഒളിവിൽ പോയത്. ദിവസങ്ങളോളം ഒളിവിൽ ആയിരുന്ന ഇവരെ പിന്നീട് ബംഗളുരുവിൽ നിന്ന് എൻഐഎ പിടികൂടുകയായിരുന്നു. ഇതിനിടയിൽ തിരുവനന്തപുരത്ത് നിന്ന് മുങ്ങി രണ്ട് ദിവസമാണ് പ്രസ്‌തുത വ്യവസായിയുടെ വീട്ടിൽ താമസിച്ചതെന്നാണ് വിവരം. ഈ വീട്ടിൽ ഇവരെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഹൈക്കോടതി അഭിഭാഷകനും സന്ദർശിച്ചതായും ആരോപണമുണ്ട്.

Related Stories

Anweshanam
www.anweshanam.com