
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് എന്‍ഐഎ. വിദേശത്തുള്ള പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ലെന്നും വിദേശത്തും അന്വേഷണം നടത്തണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു.
കേസില്‍ യുഎഇയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കും. യുഎഇ നടത്തുന്ന പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കുക. ഡല്‍ഹിയിലെ യുഎഇ എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം കോണ്‍സുലേറ്റ് ജീവനക്കാരില്‍ നിന്ന് വിവരശേഖരണം നടത്തി മടങ്ങി.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ജാമ്യം നല്‍കണമെന്ന് സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
ശാരീരിക അവശതകളുണ്ടെന്നും, പ്രയാസങ്ങളുണ്ടെന്നും, അതിനാല്‍ ജാമ്യം തരണമെന്നും സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ജാമ്യ അപേക്ഷ തള്ളിയ കോടതി, സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്കാന് ജയിലധികൃതരോട് നിര്‍ദേശിച്ചു. എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള 4 പ്രതികളെയും അടുത്ത മാസം 10 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സന്ദീപ് നായര്‍, മുഹമ്മദ് അന്‍വര്‍, ഷമീം, മുഹമ്മദ് അലി, എന്നിവരെ ആണ് റിമാന്‍ഡ് ചെയ്തത്