സ്വർണ കള്ളക്കടത്ത് കേസ്: എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു

ഓൾ ഇന്ത്യാ സർവീസിന് നിരക്കാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന് കണ്ടെത്തിയതായും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി
സ്വർണ കള്ളക്കടത്ത് കേസ്: എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓൾ ഇന്ത്യാ സർവീസിന് നിരക്കാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന് കണ്ടെത്തിയതായും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചു, വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പ് തല അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഐടി മേഖലയിലുള്ള വിവിധ സ്ഥാപനങ്ങളിലെ നിയമനം ക്രമാനുസരണമാണോ എന്ന് പരിശോധിക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കും.

സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടഫിക്കറ്റ് ചമച്ചു എന്ന ആരോപണത്തില്‍ നിലവില്‍ സംസ്ഥാന പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ത്തന്നെ അതിന് തീവ്രവാദവുമായുള്ള ബന്ധവും കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നുണ്ട്. ഇതില്‍ സംസ്ഥാന പോലീസിന് ഒന്നും ചെയ്യാനില്ല. അത് അന്വേഷിക്കുന്നതിന് സിബിഐയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com