
കൊച്ചി: ശിശുക്ഷേമ സമിതി സംരക്ഷണമേറ്റെടുത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ തെരുവില്‍. പതിനാലുകാരിയായ കാലടി സ്വദേശിനിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കാക്കനാട് ചില്‍ഡ്രണ്‍സ് ഹോമിന് മുന്പില് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.
കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുത്തിന് ശേഷം ബന്ധുക്കള്‍ക്ക് കുട്ടിയെ കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് പരാതി. ശിശുക്ഷേമസമിതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തശേഷം ഒരു സ്വകാര്യ കെയര്‍ ഹോമിലേക്ക് കൈമാറുകയായിരുന്നു ചെയ്തത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാതെ മരണ കാരണം അറിയാനാകില്ല. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം എന്നാണ് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ര വ്യക്തമാക്കുന്നു. ന്യുമോണിയയാണ് മരണകാരണം എന്നാണ് നിഗമനം. കുട്ടി ശ്വാസതടസ്സം നേരിട്ടിരുന്നു. മെഡിക്കല്‍ രേഖകളില്‍ ഇക്കാര്യം വ്യക്തമായെന്നും ഡിസിപി.
അച്ഛന് പീഡിപ്പിച്ചു എന്ന പരാതിയെത്തുടര്‍ന്ന് 2019 ഏപ്രില്‍ മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്റെ സംരക്ഷണയിലായിരുന്നു കുട്ടി. ആലുവ താലൂക്കില്‍ മറ്റൂര്‍ വില്ലേജിലാണ് കുട്ടി താമസിച്ചിരുന്നത്. അച്ഛന് പീഡിപ്പിച്ചിരുന്നുവെന്ന വിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് ഇതില്‍ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടു. പിന്നീട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അവിടേക്ക് കൊണ്ടുവരുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു. ജനുവരി 11-നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസനവകുപ്പിന്റെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന വിവരം കിട്ടിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം പൊലീസും നല്‍കുന്നില്ല. ഡിസംബര്‍ 30 മുതല്‍ കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതിന് ചികിത്സ നല്‍കിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാതിരുന്നത് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറുടെ വീഴ്ചയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി, കുട്ടിയുടെ മുത്തശ്ശി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ആലുവ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാതെ ബന്ധുക്കള്‍ പ്രതിഷേധിക്കുകയായിരുന്നു. ബന്ധുക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.