മഴക്കെടുതിയില്‍ നാല് മരണം; രണ്ടുപേരെ കാണാതായി
Top News

മഴക്കെടുതിയില്‍ നാല് മരണം; രണ്ടുപേരെ കാണാതായി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യത.

News Desk

News Desk

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, മഴക്കെടുതിയില്‍ ഇന്നലെ നാല് പേരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി.

മലപ്പുറം കാളികാവില്‍ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. നരിമടയ്ക്കല്‍ സവാദ് ആണ് മരിച്ചത്. കോട്ടയം മണര്‍കാട് ഒലിച്ചു പോയ കാറിനുള്ളില്‍ നിന്ന് ഡ്രൈവര്‍ ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് രാജപുരത്ത് പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിണാവ് പുഴയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെറുപുഴശ്ശി രാഘവന്‍ ആണ് മരിച്ചത്. പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ പ്രമാടം സ്വദേശി രാജന്‍പിള്ളയെ കാണാതായി. ഭാരതപ്പുഴയില്‍ ഷൊര്‍ണൂരില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി ബി വിനായകിനെ കാണാതായി.

കലിതുള്ളി പെയ്യുന്ന മഴയില്‍ ആലപ്പുഴയിലും കോട്ടയത്തും ജനജീവിതം നിശ്ചലമാണ്. കുട്ടനാടന്‍ പാടങ്ങളില്‍ മടവീഴ്ച വ്യാപകമായതോടെ ഹെക്ടറ് കണക്കിന് നെല്‍കൃഷി നശിച്ചു. റെഡ് ആലേര്‍ട്ട് നിലനില്‍ക്കുന്ന ആലപ്പുഴ ജില്ലയിലും മഴക്കെടുതികള്‍ രൂക്ഷമാണ്. പമ്പാ ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 41 ക്യാമ്പുകള്‍ തുറന്നു. 1211 പേരെ മാറ്റിപാര്‍പ്പിച്ചു. ചെങ്ങന്നൂരിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്.

Anweshanam
www.anweshanam.com