വിദേശകാര്യ സെക്രട്ടറി ധാക്കയിൽ
Top News

വിദേശകാര്യ സെക്രട്ടറി ധാക്കയിൽ

കോവിഡ് 19 വ്യാപനത്തിനുശേഷം ശ്രിംഗ്ലയുടെ ആദ്യ വിദേശ യാത്രയാണിത്.

News Desk

News Desk

ന്യൂ ഡല്‍ഹി: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഗ്ല ചൊവ്വാഴ്ച ധാക്ക സന്ദർശനത്തിൽ. മുൻക്കൂട്ട പ്രഖ്യാപിക്കാതെ ഇന്നാണ് ശ്രിംഗ്ല ധാക്കയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശം ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കൈമാറുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് 19 വ്യാപനത്തിനുശേഷം ശ്രിംഗ്ലയുടെ ആദ്യ വിദേശ യാത്രയാണിത്. പകർച്ചവ്യാധി യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥന്റെ ആദ്യ ബംഗ്ലാദേശ് സന്ദർശനം കൂടിയാണിത്. ധാക്കയിലെ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിരുന്നു ശ്രിംഗ്ല.

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മോമെൻ, വിദേശകാര്യ സെക്രട്ടറി മസൂദ് ബിൻ മോമെൻ എന്നിവരെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരസ്പരം താല്പര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ആഗസ്ത് 18 മുതൽ 19 വരെ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശ് സന്ദർശനത്തിലായിരിക്കുമെന്ന് ഇന്ത്യൻവിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2019 ഒക്ടോബറിൽ ഹസീന ഇന്ത്യ സന്ദർശിച്ചിരുന്നു. ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ മോദി മാർച്ചിൽ ബംഗ്ലാദേശ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. ഇരു നേതാക്കളും ഈ വർഷം നിരവധി തവണ ഫോണിൽ സംസാരിച്ചു.

അസമിലെ ബംഗ്ലാദേശി കുടിയേറ്റക്കാരെകുറിച്ച് ബിജെപി നേതാക്കൾ നടത്തിയ പ്രസ്താവനകൾ ബംഗ്ലാദേശ് നേതാക്കളെ അസംതൃപ്തരാക്കിയിരുന്നു. ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചലുണ്ടാക്കാൻ പോന്നവയായിരുന്നു. ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമവും (സി‌എ‌എ) ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യ - ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ സൃഷ്ടിക്കുന്നവസ്ഥയിലെത്തിയിരുന്നു. സി‌എ‌എയുടെ ആവശ്യകത ഹസീന ചോദ്യം ചെയ്തിരുന്നു.

ഇതിനിടെ 10 റെയിൽ‌വേ ലോക്കോമോട്ടീവുകൾ കൈമാറുന്നതുൾപ്പെടെ ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ പോയ ആഴ്ചകളിൽ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ആദ്യത്തെ കണ്ടെയ്നർ ട്രെയിൻ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് സർവ്വീസ് നടത്തി. കൽക്കത്തയിൽ നിന്നാണ് ത്രിപുര വഴി ചിറ്റഗോങ് തുറമുഖത്തേക്ക് ചരക്കുകൾ അയച്ചത്.

ജനുവരിയിൽ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാർച്ചിൽ ശ്രിംഗ്ല ധാക്ക സന്ദർശിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി ഹസീനയുമായി ശ്രിംഗ്ല കൂടികാഴ്ച നടത്തിയിരുന്നു.

Anweshanam
www.anweshanam.com