രാഹുലിന്‍റെ റോഡ് ഷോയിൽ ലീഗ് പതാകയ്ക്ക് വിലക്ക്; കോണ്‍ഗ്രസ്-ആര്‍എസ്‌എസ് ധാരണയെന്ന് സിപിഎം

എന്നാല്‍ ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്
രാഹുലിന്‍റെ റോഡ് ഷോയിൽ ലീഗ് പതാകയ്ക്ക് വിലക്ക്; കോണ്‍ഗ്രസ്-ആര്‍എസ്‌എസ് ധാരണയെന്ന് സിപിഎം

വയനാട്: മാനന്തവാടിയിൽ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയിൽ ലീഗിന്‍റെ കൊടികൾ മാറ്റാൻ നേതൃത്വം നിർദേശം നൽകിയത് കോണ്‍ഗ്രസും ആര്‍എസ്‌എസും തമ്മിലുണ്ടാക്കിയ രഹസ്യധാരണ പ്രകാരമെന്ന് സിപിഎം. ലീഗിന്‍റെ പച്ചക്കൊടികളുമായി വന്ന പ്രവർത്തകർ റാലിക്കിടെ കൊടി മടക്കി വയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴേ വൈറലാണ്. ഇതിനെച്ചൊല്ലിയുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. ഇതോടെയാണ്, ബിജെപി വോട്ടു നേടാനുള്ള യുഡിഎഫ് നീക്കത്തിന്‍റെ ഭാഗമാണിതെന്ന ആരോപണവുമായി സിപിഎം രംഗത്ത് വന്നിരിക്കുന്നത്.

പണ്ട് മലപ്പുറത്ത് നടന്ന ഒരു റോഡ് ഷോയിൽ ലീഗിന്‍റെ പച്ചക്കൊടി ഉയർന്നപ്പോൾ അത് പാകിസ്ഥാന്‍റെ പതാകകളാണെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാലിത്തവണ ലീഗിന്‍റെ പതാകകൾ കൊണ്ടുവന്നിട്ടും അത് ചുരുട്ടി മാറ്റി വച്ച ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

എന്നാല്‍ ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്. അതേസമയം, മാനന്തവാടി മണ്ഡലത്തില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണ് ഇടതുപക്ഷവും മറ്റ് തത്പരകക്ഷികളും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതെന്നും കൊടി ഉയര്‍ത്തിയില്ല എന്നുള്ളത് അവരുടെ ഭാവനാസൃഷ്ടിയാണെന്നും മാനന്തവാടി നിയോജക മണ്ഡലം മുസ്ലീംലീഗ് കമ്മിറ്റി പ്രതികരിച്ചു.

ഇതിനിടെ മാനന്തവാടിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കാന്‍ തീരുമാനിച്ചിരുന്ന ഗാന്ധി പാര്‍ക്ക് ഡിവൈഎഫ്ഐ നേരത്തെ ബുക്കു ചെയ്തതിനെ ചൊല്ലിയും ഇടത് - വലത് പോര് തുടങ്ങി. റാലി പരാജയപ്പെടുത്താൻ സിപിഎം ശ്രമിച്ചുവെന്നാണ് യുഡിഎഫ് ആരോപണം. ഗാന്ധി പാർക്ക് ലഭിക്കാത്തിനാല്‍ വാഹനത്തിലിരുന്നാണ് രാഹുല്‍ഗാന്ധി പ്രസംഗിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com