സെക്രട്ടേറിയറ്റിലെ തീപിടിത്തം; സുരക്ഷാ വീഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
Top News

സെക്രട്ടേറിയറ്റിലെ തീപിടിത്തം; സുരക്ഷാ വീഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

News Desk

News Desk

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടിത്തവും സെക്രട്ടേറിയറ്റിലെ സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റില്‍ നോര്‍ത്ത് സാന്റ് വിച്ച് ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും മന്ത്രിസഭായോഗം വിലയിരുത്തി. സുപ്രധാന രേഖകള്‍ സൂക്ഷിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിന് പുറമെ കെ.സുരേന്ദ്രന്‍ അടക്കമുള്ളവരും പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിന് അകത്ത് കയറുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇത് വന്‍ സുരക്ഷാ വീഴ്ചയാണ് എന്നാണ് വിലയിരുത്തല്‍.

അതോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ മെഡിക്കല്‍, ദന്തല്‍, നഴ്സിഗ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അദ്ധ്യാപകരുടെ ശമ്ബള പരിഷ്കരണവും മന്ത്രിസഭായോഗം അംഗീകരിച്ചു. ശമ്ബള പരിഷ്ക്കരണം 01.01.2016 മുതല്‍ പ്രാബല്യത്തില്‍ വരും. മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ അദ്ധ്യാപകര്‍ക്ക് ലഭിച്ചു വന്നിരുന്ന നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് (എന്‍.പി.എ), പേഷ്യന്റ് കെയര്‍ അലവന്‍സ് (പി.സി.എ) എന്നിവ തുടര്‍ന്നു നല്‍കാനും യോഗത്തില്‍ തീരുമാനമായി.

01.01.2006 ലാണ് കഴിഞ്ഞ ശമ്ബളം പരിഷ്ക്കരണം നടത്തിയത്. 10 വര്‍ഷം കഴിയുമ്ബോള്‍ ശമ്ബള പരിഷ്ക്കരണം നടത്തണമെന്നാണ് ചട്ടം ഇതിനാലാണ് 01.01.2016 തീയതി പ്രാബല്യത്തില്‍ ശമ്ബളം പരിഷ്കരിച്ച്‌ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

2018 മണ്‍സൂണിനുശേഷം സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രൂക്ഷമായ കടലാക്രണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു. യാനങ്ങൾക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും ഉള്‍പ്പെടെ 2.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിന് അനുവദിച്ചു.

വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിഖില്‍ എന്ന ഏഴ് വയസ്സുകാരന്‍ മരണപ്പെട്ടതില്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.

Anweshanam
www.anweshanam.com