
ലക്നൗ: ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദുൾപ്പെടെ 500ഓളം പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) - പകർച്ചവ്യാധി നിയമങ്ങൾ പ്രകാരം യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു- എൻഐഎ റിപ്പോർട്ട്.
ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി ആശുപത്രിയിൽ വച്ച് ജീവൻ നഷ്ടപ്പെട്ട 19 കാരി ദളിത് യുവതിയുടെ കുടുംബത്തെ ആസാദ് സന്ദർശിച്ചതാണ് കേസിനാധാരമായ സംഭവം. പ്രദേശത്ത് പ്രഖ്യാപിച്ച 144 ലംഘിച്ചെന്നാരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ എഫ്ഐആര്‍ ചുമത്തിയത്.
സെപ്തംബർ 14 നാണ് ഹത്രാസ് ജില്ല ബുൾ ഗാർഗി ഗ്രാമത്തിൽ ദളിത് യുവതി കൂട്ടമാനഭംഗത്തിനിരയായത്. അലിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഡല്‍ഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. സെപ്റ്റംബർ 29 ന് മരിച്ചു.
കുടുംബത്തെ സന്ദർശിച്ച ശേഷം കുടുംബത്തിന് ‘വൈ’ സുരക്ഷാ നൽകണമെന്ന് ആസാദ് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ചന്ദ്രശേഖർ ആസാദ് ഉന്നയിച്ചു. ആവശ്യമായ സുരക്ഷാ പരിരക്ഷ നൽകിയില്ലെങ്കിൽ ഇരയുടെ കുടുംബത്തെ തൻ്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ പാർട്ടികളുടെ നിരവധി നേതാക്കൾ ഇരയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ആസാദിന്റെ ഹത്രാസ് സന്ദർശനം. ഹത്രാസ് ജില്ലാ മജിസ്ട്രേറ്റിന്റെ പങ്കിനെക്കുറിച്ച് അന്വേഷണമുൾപ്പെടെ അഞ്ച് ആവശ്യങ്ങൾ പ്രിയങ്ക ഗാന്ധി ഉന്നയിച്ചിട്ടുണ്ട്.
ഹത്രാസ് പ്രശ്നത്തിൽ ഇടപ്പെട്ട് ഒക്ടോബർ രണ്ടിന് ഭീം ആർമി ന്യൂ ഡൽഹിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാർട്ടി (എഎപി) അംഗങ്ങളും അദ്ദേഹത്തോടൊപ്പം മാർച്ചിൽ പങ്കെടുത്തിരുന്നു. സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എന്നിവരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തിരുന്നു.