ഭർത്താവ് കോവിഡ് ഡ്യൂട്ടിയിൽ ആയതിന് ജീവനക്കാരിയെ പുറത്താക്കി ഫെഡറൽ ബാങ്ക്

ഫെഡറൽ ബാങ്ക് കൊച്ചി മറൈൻ ഡ്രൈവ് ശാഖയിലെ ജീവനക്കാരിയായ രാജിയെ ഈ കോവിഡ് കാലത്ത് പുറത്താക്കിയാണ് ബാങ്കിന്റെ ക്രൂരത
ഭർത്താവ് കോവിഡ് ഡ്യൂട്ടിയിൽ ആയതിന് ജീവനക്കാരിയെ പുറത്താക്കി ഫെഡറൽ ബാങ്ക്

കൊച്ചി: സാമ്പത്തികമായി ജനം ഏറെ തകർന്നിരിക്കുന്ന കോവിഡ് കാലത്ത് അവർക്ക് കൈത്താങ്ങേണ്ടവരുടെ നടപടി മൂലം മനുഷ്യരുടെ ദുരന്തങ്ങൾ വർധിക്കുകയാണ്. ഫെഡറൽ ബാങ്കിന്റെ നിരുത്തരവാദിത്വപരമായ ഇടപെടൽ മൂലം ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം. ഫെഡറൽ ബാങ്ക് കൊച്ചി മറൈൻ ഡ്രൈവ് ശാഖയിലെ ജീവനക്കാരിയായ രാജിയെ ഈ കോവിഡ് കാലത്ത് പുറത്താക്കിയാണ് ബാങ്കിന്റെ ക്രൂരത. പുറത്താക്കലിന് കാരണം ഭർത്താവ് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരൻ ആയതാണ്.

മുട്ടപ്പള്ളി കാവുമ്പാടം കെ പി മോഹൻ ദാസിന്റെയും ഗീതയുടെയും മകനായ വിപിൻ‌ദാസ് ആണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസലേഷൻ വാർഡിൽ കോവിഡ് 19 രോഗത്തിന് ചികിത്സയൊരുക്കുന്ന ഡ്യൂട്ടിയിലുള്ളത്. വിപിൻദാസിന്റെ ഭാര്യ രാജി ജോലി ചെയ്യുന്നത് എറണാകുളം മറൈൻഡ്രൈവ് ഫെഡറൽ ബാങ്കിലാണ്. ഭർത്താവിന് കൊറോണ ഡ്യൂട്ടി ആയതിനാൽ നാളുകളായി ബാങ്കിലെ ജോലിയിൽ നിന്ന് രാജിയെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു.

ഭർത്താവ് കോവിഡ് പടരാൻ സാധ്യതയുള്ള ഇടത്ത് ജോലി ചെയ്യുന്നതിനാൽ രാജി വീട്ടിൽ ഇരുന്നാൽ മതി, ശമ്പളം നൽകാം എന്നാണ് ബാങ്ക് അറിയിച്ചിരുന്നത്. ഇതുപ്രകാരം ആദ്യത്തെ നാല് മാസം ശമ്പളം ലഭിച്ചു. എന്നാൽ പിന്നീട് അത് മുടങ്ങി. പിന്നീട് ഈ മാസം എട്ടിന്, ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ബാങ്ക് അധികൃതർ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പട്ടിക ജാതി വിഭാഗത്തിൽ പെട്ട സാധാരണ കുടുംബമാണ് വിപിന്റേത്. ഇരുവരുടെയും ജോലി ആണ് കുടുംബത്തിന്റെ ഏക ഉപജീവന്മാർഗം. ഫെഡറൽ ബാങ്കിന്റെ നടപടിയുടെ കുടുംബത്തിന്റെ ഭാവി ചോദ്യചിഹ്നമാവുകയാണ്.

കോവിഡ് രോഗബാധിതരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും സ്രവം പരിശോധനക്ക് അയക്കുന്ന ഡ്യൂട്ടിയാണ് 11 വർഷമായി ആരോഗ്യവകുപ്പിൽ മൈക്രോബയോളജിസ്റ്റ് ആയ വിപിന്റേത്. നിപ്പ വൈറസ് പടർന്നപ്പോഴും ഇതേ ഡ്യൂട്ടിയിൽ വിപിൻ‌ദാസ് ഉണ്ടായിരുന്നു. ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിപിൻദാസ് പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മുഖ്യമന്ത്രി ഇടപെട്ട് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകൾ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

നീതി തേടി മുഖ്യമന്ത്രി പിണറായി വിജയന് വിപിൻ‌ദാസ് അയച്ച പരാതി (ഫേസ്ബുക്കിൽ പങ്കുവെച്ചത്)

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ മുമ്പാകെ എറണാകുളം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗം ലാബ് ടെക്നീഷ്യൻ ആയ വിപിൻദാസ് ബോധിപ്പിക്കുന്ന സങ്കടഹർജി.

സർ,

കൊറോണ എന്ന മഹാമാരി നമ്മുടെ സംസ്ഥാനത്തും എത്തിയപ്പോൾ സർക്കാർ ഈ കോളേജിലും ഒരു പരിശോധന കേന്ദ്രം അനുവദിച്ചു. അന്ന് മുതൽ PCR LAB ലാബ് ഉണ്ടാക്കുന്നതിനായി ഞാനുൾപ്പെട ഉള്ള മുഴുവൻ ജീവനക്കാരും അഹോരാത്രം കഷ്ടപ്പെടുകയും ഇപ്പോൾ മികച്ച PCR LAB മാറുകയും ചെയ്തു. തുടക്കം മുതൽ ഇന്ന് വരെ എന്റെ അൽമാർത്ഥമായ സേവനം ഞാൻ നടത്തി വരുന്നു. അങ്ങേക്ക് അറിയുമല്ലോ PPE കിറ്റിന്നുള്ളിൽ ജോലി ചെയ്യുന്ന സാഹചര്യം. ശ്വാസം കിട്ടാതെ, ഒരു തുള്ളി വെള്ളം ഇറക്കാതെ.... etc

എന്റെ ഭാര്യ എറണാകുളം മറൈൻ ഡ്രൈവ് ഫെഡറൽ ബാങ്കിൽ താത്കാലിക ജീവനക്കാരി ആയി കഴിഞ്ഞ നാലു വർഷം ആയി ജോലി ചെയ്തു വരുന്നു. ഞാൻ കൊറോണ പരിശോധന നടത്തുന്ന ആൾ എന്ന്‌ അറിഞ്ഞപ്പോൾ അവർ എന്റെ ഭാര്യ ആയ രാജിയോട് പറഞ്ഞു തത്കാലം ജോലിക്ക് വരേണ്ട നിങ്ങളുട ഭർത്താവ് ഈ ജോലി ചെയ്യുന്ന ആൾ ആണല്ലോ അതുകൊണ്ട് രാജി Danger Zone ആണ് എന്ന്‌. അവർ അവളോട്‌ പറഞ്ഞു ജോലിക്ക് വരേണ്ട പകരം ശമ്പളം നൽകാം എന്നും. ശമ്പളം നാലു മാസം നൽകി.പിന്നീട് തന്നില്ല. അപ്പോഴെക്കെ എന്റെ മനസ്സ് നീറി പുകഞ്ഞു. ഞാൻ കാരണം അവൾക്കു ഈ ഗതി വന്നല്ലോ എന്ന്‌. എന്നാലും ഞാൻ ജോലി തുടർന്ന് കൊണ്ടേ ഇരുന്നു. കഴിഞ്ഞ എട്ടാം തിയ്യതി മേൽപ്പറഞ്ഞ ബാങ്കിൽ നിന്നും ഒരു ഫോൺ വന്നു എന്റെ ഭാര്യക്ക്...

രാജി വേറെ ജോലി നോക്കു ഇവിടെ ഇനി തുടെരേണ്ട എന്ന്‌. കാരണം ഒന്ന് മാത്രം രാജിയുടെ ഭർത്താവ് കൊറോണ പരിശോധന നടത്തുന്ന ആൾ ആയതു കൊണ്ട്. ഈ ബുദ്ധിമുട്ടിലും ഒരു മാസത്തെ ശമ്പളം അങ്ങേക്ക് ഞങ്ങൾ തന്നില്ലേ. ഇനി അങ്ങ് ഒരു മറുപടി തരണം. എനിക്കല്ല എന്നെപ്പോലെ ഉള്ള എല്ലാ ആരോഗ്യപ്രവർത്തകർക്കും..

Nb. എന്റെ വാടക വീടിന്റെ ഫാനിനു അത്ര ബലം ഇല്ല.

വിശ്വസ്തതയോടെ..

വിപിൻ ദാസ് കാവുംപടം.

Related Stories

Anweshanam
www.anweshanam.com