ജനുവരി നാലിലെ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍

ജനുവരി നാലിന് സര്‍ക്കാരുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടാല്‍ ഹരിയാനയിലെ എല്ലാ മാളുകളും പെട്രോള്‍ പമ്ബുകളും അടയ്ക്കുന്നതിനുള്ള തീയതികള്‍ പ്രഖ്യാപിക്കും
ജനുവരി നാലിലെ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ജനുവരി നാലിന് നടത്തുന്ന ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം ഇനിയും ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍. മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച നിയമസാധുതയുള്ള ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ജനുവരി ആറ് മുതല്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി- ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ല. 50 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്. രണ്ട് പ്രധാന ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. താങ്ങുവില സംബന്ധിച്ച ഉറപ്പ് നല്‍കുന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടു പോലുമില്ല - ജെയ് കിസാന്‍ ആന്ദോളന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷക നേതാക്കളുമായി സിന്‍ഹു അതിര്‍ത്തിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജനുവരി നാലിന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ജനുവരി ആറിന് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ഡിസംബര്‍ 31 ന് ട്രാക്ടര്‍ മാര്‍ച്ച് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഡിസംബര്‍ 30 ന് നടക്കുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയുടെ വിജയമോ പരാജയമോ ആയിരിക്കും പ്രക്ഷോഭത്തിന്റെ ഭാവി നിശ്ചയിക്കുകയെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

ജനുവരി നാലിന് സര്‍ക്കാരുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടാല്‍ ഹരിയാനയിലെ എല്ലാ മാളുകളും പെട്രോള്‍ പമ്ബുകളും അടയ്ക്കുന്നതിനുള്ള തീയതികള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് വികാസ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹരിയാന- രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷാജഹാന്‍പൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ദേശീയ തലസ്ഥാനത്തേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. അടുത്ത ഘട്ട ചര്‍ച്ചയില്‍ കൃത്യമായ തീരുമാനമെടുത്തില്ലെങ്കില്‍ ജനുവരി ആറിന് ട്രാക്ടര്‍ മാര്‍ച്ച്‌ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com