
ന്യൂഡല്‍ഹി: കര്‍ഷകരുമായി കൂടിക്കാഴ്ച്ച നടത്താന്‍ കേന്ദ്രം വിളിച്ച യോഗത്തില്‍ കര്‍ഷക സംഘടനകള്‍ പങ്കെടുക്കാന്‍ തീരുമാനമായി. കര്‍ഷക നേതാവായ ബല്‍ജീത് സിംഗ് മഹല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഗ്യാന്‍ സഭയില്‍ വെച്ചാണ് യോഗം ചേരുന്നത്. കര്‍ഷകരുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
കര്‍ഷക പ്രതിനിധികളായ 32 പേരും മറ്റ് മൂന്ന് പേരുമടക്കം 35 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവര്‍ ചര്‍ച്ചയ്ക്കായി സിംഗു അതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ടു.
കേന്ദ്രം വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നറിയിച്ച് പഞ്ചാബ് കിസാന്‍ യൂണിയന് സംസ്ഥാന അധ്യക്ഷന്‍ ആര്.എസ് മന്‍സ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ മൂന്ന് മണിക്ക് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്നാണ് ആര്.എസ് മന്‍സ അറിയിച്ചത്.
കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന്റെയും കാര്‍ഷിക മന്ത്രി നരേന്ദ്ര തോമറിന്റെയും നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക.
ഉപാധികളൊന്നുമില്ലാതെയാണ് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും അതിനാലാണ് പോകാന്‍ തയ്യാറായതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
പ്രതിഷേധം ശക്തമാകുമ്പോഴും ബില്ലില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഇന്നലത്തെ വാക്കുകള്‍. നിയമം കര്‍ഷകരുടെ സംരക്ഷണത്തിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.