
കാർഷക പ്രക്ഷോഭത്തിൻറെ ഭാഗമായി രാജസ്ഥാനില്‍ നിന്നുമെത്തിയ കര്‍ഷക മാര്‍ച്ച് പോലീസ്തടഞ്ഞു. ഡല്‍ഹി- ജയ്പൂര്‍ റോഡ് ഉപരോധിക്കാന്‍ ലക്ഷ്യമിട്ട് നീങ്ങിയ കര്‍ഷക റാലി രാജസ്ഥാന്-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലാണ് പൊലീസ് തടഞ്ഞത്. പൊലീസിനൊപ്പം സൈന്യത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ- ന്യൂഡല്‍ഹി- ജയ്പൂര്‍ ദേശീയ പാത അടച്ചു.
ജയ്പൂര്‍- ഡല്‍ഹി ദേശീയ പാത ഉപരോധിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ തന്നെ കര്‍ഷകര്‍ ഷാജഹാന്‍പൂരില്‍ തടിച്ചുകൂടാന്‍ തുടങ്ങിയിരുന്നു. ട്രാക്ടര്‍ റാലി നടത്തി ദേശീയ പാത ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
ഗതാഗതം തടയുന്നതിന്റെ ഭാഗമായി ജയ്പൂര്‍-ഡല്‍ഹി ദേശീയ പാത ലക്ഷ്യമാക്കി നീങ്ങിയ കര്‍ഷകരെയാണ് വഴിമധ്യേ പൊലീസ് തടഞ്ഞത്. അതിനിടെ കര്‍ഷക സമരത്തില്‍ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും സോം പ്രകാശും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ എത്തി അടിയന്തര യോഗം ചേര്‍ന്നു.