
തിരുവനന്തപുരം: രാജ്യതലസ്ഥാനത്തെ കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് കേരളത്തിലും സമരം. കര്‍ഷക സമരത്തിന് പിന്തുണയുമായി നാളെ മുതല്‍ കേരളത്തിലും അനിശ്ചിതകാല സമരം നടത്തും. കര്‍ഷക സംഘടനകള്‍ സത്യഗ്രഹമിരിക്കും.
തെരഞ്ഞെടുപ്പ് ആയതിനാൽ ഇതുവരെ കേരളത്തിൽ പ്രത്യക്ഷ സമരങ്ങൾ ഉണ്ടായിരുന്നില്ല. നാളെ തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും സമരം ശക്തമാകും. തിങ്കളാഴ്ച വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് കഴിയുന്നതോടെ ഈ മേഖലയിലും ശക്തമാകും.
കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നുമുതല്‍ ട്രെയിന്‍ തടയല്‍ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതല്‍ കൂടുപ്പിക്കുകയാണ് കര്‍ഷക സംഘടനകള്‍.
നാളെ ഡൽഹി -ജയ്പ്പൂര്‍, ഡൽഹി - ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.