അമ്പത് ദിവസം പിന്നിട്ട് കർഷക സമരം; കേരളത്തിൽ നിന്നെത്തിയ സംഘം ഇന്ന് സമരത്തിന്റെ ഭാഗമാകും

അമ്പത് ദിവസം പിന്നിട്ട് കർഷക സമരം; കേരളത്തിൽ നിന്നെത്തിയ സംഘം ഇന്ന് സമരത്തിന്റെ ഭാഗമാകും

ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിവരുന്ന സമരം 50 ദിവസം പിന്നിട്ടു. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ കേരളത്തില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഡൽഹിയിലെത്തിയ വോളണ്ടിയര്‍മാര്‍ ഇന്ന് ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലെത്തി സമരത്തില്‍ പങ്കാളികളാകും.

അതേസമയം, സുപ്രീം കോടതി നിയമിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിലും മാറ്റമില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെന്നും ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു. സമിതിയില്‍ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ് പ്രധാന വിമര്‍ശനമായി ഉയരുന്നത്.

സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും നേരത്തെ രംഗത്തെത്തിയിരുന്നു. സമിതിക്കെതിരെ നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. കര്‍ഷക വിരുദ്ധ നിയമങ്ങളെ പിന്തുണച്ചവരില്‍ നിന്ന് നീതി പ്രതീക്ഷിക്കാമോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം അവസാനിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നിയമം സ്റ്റേ ചെയ്തത് ശരിയായ ദിശയിലുള്ള തീരുമാനമാണെന്നും എന്നാല്‍ കോടതി രൂപീകരിച്ച സമിതിക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്നുമായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചത്.

18ാം തിയതി വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തുവാനാണ് കര്‍ഷകരുടെ തീരുമാനം. ട്രാക്റ്റര്‍ പരേഡ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കര്‍ഷക സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. താല്‍കാലികമായ നീക്കങ്ങള്‍ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നും സംഘടനാ നേതാക്കള്‍ പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com