കര്‍ഷകര്‍ സമരം കൂടുതല്‍ ശക്തമാകുന്നു; ഡിസംബര്‍ 14ന്​ നേതാക്കളുടെ നിരാഹാരം

വരും ദിവസങ്ങളില്‍ രാജ്യത്തിന്‍റെ മറ്റ്​ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും സമരത്തിന്‍റെ ഭാഗമാവും
കര്‍ഷകര്‍ സമരം കൂടുതല്‍ ശക്തമാകുന്നു; ഡിസംബര്‍ 14ന്​ നേതാക്കളുടെ നിരാഹാരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍െറ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം കൂടുതല്‍ ശക്തമാകുന്നു. ഇതിന്‍െറ ഭാഗമായി ഡിസംബര്‍ 14ന്​ സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരനേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കമല്‍പ്രീത് സിങ് പന്നു അറിയിച്ചു.

മൂന്ന്​ നിയമങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കണം. നിയമങ്ങളിലെ ഭേദഗതി അംഗീകരിക്കാനാവില്ലെന്ന്​ കമല്‍ പ്രീത്​ സിങ്​ പന്നു പറഞ്ഞു. പ്രതിഷേധത്തെ തകര്‍ക്കാനാണ്​ കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇത്​ തടയും. ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് ജയ്പുര്‍-ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

കര്‍ഷകസമരത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. കര്‍ഷകര്‍ക്കിടയിലേക്ക് മറ്റ് ചിലരെ കയറ്റിവിട്ട് ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തി. എന്നാല്‍ ഞങ്ങള്‍ സമാധാനപരമായി ഈ സമരത്തെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളില്‍ രാജ്യത്തിന്‍െറ മറ്റ്​ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും സമരത്തിന്‍െറ ഭാഗമാവും. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന കര്‍ഷകരുടെ വാഹനങ്ങള്‍ പോലീസ് തടയുന്നുണ്ട്. ഈ നടപടി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ഡിസംബര്‍ 19നകം അംഗീകരിച്ചില്ലെങ്കില്‍ ഉപവാസ സമരം ആരംഭിക്കുമെന്ന് കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചാരുണി പറഞ്ഞു.

കഴിഞ്ഞ 17 ദിവസമായി ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരത്തിലാണ്​. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി നടത്തിയ അഞ്ച് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com