കേന്ദ്രവുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാര്‍; തീയതി സര്‍ക്കാരിന് നിശ്ചയിക്കാമെന്ന് കര്‍ഷകര്‍

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മുതിര്‍ന്ന അംഗം ശിവ് കുമാര്‍ കക്കയാണ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
കേന്ദ്രവുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാര്‍; തീയതി സര്‍ക്കാരിന് നിശ്ചയിക്കാമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍. സമരം അവസാനിപ്പിക്കാനും ചര്‍ച്ച തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷക സംഘടനകളോട് അഭ്യര്‍ഥിച്ചതിന് പിന്നാലെയാണിത്. അടുത്ത ചര്‍ച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാന്‍ കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മുതിര്‍ന്ന അംഗം ശിവ് കുമാര്‍ കക്കയാണ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യറാണെന്നും തീയതിയും സമയവും സര്‍ക്കാരിന് നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴെല്ലാം കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറായി. ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ 11 തവണയാണ് ഇതുവരെ ചര്‍ച്ച നടത്തിയത്. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച നിയമാനുസൃതമായ ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങളില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. പുതിയ കാര്‍ഷിക നിയമങ്ങള്‍ 12 - 18 മാസത്തേക്ക് നടപ്പാക്കില്ലെന്ന നിര്‍ദ്ദേശം അവസാനവട്ട ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, കര്‍ഷക സംഘടനകള്‍ നിര്‍ദ്ദേശം തള്ളുകയാണ് ഉണ്ടായത്.

അതേസമയം, സമരജീവികളെന്ന ആക്ഷേപത്തില്‍ പ്രധാനമന്ത്രിക്ക് മറുപടിയുമായി സംയുക്ത കിസാന്‍ മോര്‍ച്ച രംഗതെത്തി. പ്രധാനമന്ത്രിയുടെ പരാമര്‍ശം കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് കിസാന്‍മോര്‍ച്ച ആരോപിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് സമരങ്ങളിലൂടെയാണ്. അതിനാല്‍ സമരജീവികളാകുന്നതില്‍ അഭിമാനമേയുള്ളൂ. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യാത്തവരാണ് ബി.ജെ.പിയും അവരുടെ മുന്‍ഗാമികളും. അതുകൊണ്ടാണ് ബി.െജ.പി എല്ലാ സമരങ്ങളെയും എതിര്‍ക്കുന്നതും ജനകീയ മുന്നേറ്റങ്ങളെ ഭയപ്പെടുന്നതും. താങ്ങുവിലയുടെ കാര്യത്തില്‍ ശൂന്യമായ പ്രസ്താവനകളല്ല, നിയമപരമായ ഉറപ്പാണ് വേണ്ടതെന്നും കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു. സമരത്തിന് രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന പിന്തുണയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പ്രധാനന്ത്രിയുടെ ആരോപണത്തെയും കിസാന്‍ മോര്‍ച്ച തള്ളിക്കളഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com