കര്‍ഷക പ്രക്ഷോഭം ശക്തം; ദേശീയപാത ഉപരോധവും ട്രെയിന്‍ തടയലും ഇന്ന് മുതല്‍

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 68 ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെ ദേശീയപാത 48ലെ വിവിധ ഇടങ്ങളില്‍ നിയോഗിച്ചു.
കര്‍ഷക പ്രക്ഷോഭം ശക്തം; ദേശീയപാത ഉപരോധവും ട്രെയിന്‍ തടയലും ഇന്ന് മുതല്‍

ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം പതിനേഴാം ദിവസത്തിലേക്ക്. ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-ആഗ്ര ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ സംഘടിപ്പിക്കും. ട്രെയിന്‍ തടയല്‍ സമരവും ഇന്ന് മുതല്‍ തുടങ്ങാനാണ് തീരുമാനം.

തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ജനജീവിതത്തെ സമരം സാരമായി ബാധിച്ചിരിക്കുകയാണെന്നും സമരം അവസാനിപ്പിക്കണമെന്നും ഇന്നലെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ മാത്രമാണെന്നും നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ഉടന്‍ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 68 ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെ ദേശീയപാത 48ലെ വിവിധ ഇടങ്ങളില്‍ നിയോഗിച്ചു. 2000ല്‍പ്പരം പൊലീസുകാരെയാണ് ദേശീയപാതയില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്. കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള ടോള്‍ പ്ലാസകള്‍ പിടിച്ചെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കര്‍ഷക സംഘടനകള്‍ അനിശ്ചിതകാല സമരം തുടങ്ങുന്നു. ഇന്ന് മുതല്‍ സത്യാഗ്രഹം സമരം തുടങ്ങാനാണ് തീരുമാനം. സംസ്ഥാനതലത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം. കേരള നിയമസഭാ സംയുക്ത പ്രമേയം കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com