കർഷക സമരം ചർച്ച ചെയ്യാൻ വിളിച്ചത് 32 സംഘടനകളെ മാത്രം; പ്രതിഷേധം ശക്തമാകുന്നു

ചര്‍ച്ചയ്ക്കുള്ള കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിക്കണോയെന്നതില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരും
കർഷക സമരം ചർച്ച ചെയ്യാൻ വിളിച്ചത് 32 സംഘടനകളെ മാത്രം; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച്‌ യോഗത്തിലേക്ക് 32 കര്‍ഷക സംഘടനകള്‍ക്ക് മാത്രം ക്ഷണം. അഞ്ഞൂറോളം കര്‍ഷക സംഘടനകളില്‍ നിന്നും 32 കര്‍ഷക സംഘടനകളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സമരത്തെ തകർക്കാനുള്ള കേന്ദ്ര നീക്കമാണ് നടക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.

ചര്‍ച്ച ബഹിഷ്ക്കരിക്കുമെന്ന് പഞ്ചാബ് കിസാന്‍ സമിതി അറിയിച്ചു. ചര്‍ച്ചയ്ക്കുള്ള കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിക്കണോയെന്നതില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകള്‍ രാവിലെ യോഗം ചേരും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് കേന്ദ്രം യോഗം വിളിച്ചത്.

കര്‍ഷകരുടെ സമരം‌ ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രശ്നം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര തലത്തില്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് തന്നെ കര്‍ഷകരുമായി ചര്‍ച്ചയ്ക്കുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിക്കണോയെന്ന് തീരുമാനിക്കാനാണ് കര്‍ഷക സംഘടനകള്‍ രാവിലെ യോഗം ചേരുന്നത്.

ചില സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൂടി ഡൽഹിയിലെത്തുമെന്ന് സമര നേതാക്കള്‍ പ്രഖ്യാപിച്ചതോടെ ജന്തര്‍ മന്ദർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തമാകുമ്പോഴും ബില്ലില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഇന്നലത്തെ വാക്കുകള്‍. നിയമം കര്‍ഷകരുടെ സംരക്ഷണത്തിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുന്നുവെന്നും മോദി പറഞ്ഞു

Related Stories

Anweshanam അന്വേഷണം
www.anweshanam.com