
ഡൽഹി: കാര്‍ഷിക നിയമത്തിനെതിരെ കർഷകരുടെ നേതൃത്വത്തിലുള്ള പോരാട്ടം മൂന്നാം ദിവസത്തിലേക്ക്. ഡൽഹിയിലും ഡൽഹി അതിര്‍ത്തിയിലും കര്‍ഷകരുടെ സമരം തുടരുകയാണ്. ഡൽഹി-ഹരിയാന അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വടക്കന്‍ ഡൽഹിയിലെ ബുറാഡിയില്‍ സമരത്തിന് സ്ഥലം നല്‍കാമെന്ന പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ഡൽഹിയിലേക്ക് പ്രവേശിച്ചിരുന്നു.
എന്നാല്‍ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡൽഹി-ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്.
ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ ദില്ലി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3 ന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കാതെ ഇനി സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കർഷകർ.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്.
ഡൽഹി - ഹരിയാന അതിര്‍ത്തിയായ സിംഗുവുല്‍ എത്തിയ കര്‍ഷകര്‍ക്ക് നേരെ രാവിലെ മുതല്‍ പലതവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഗ്രനേഡും ജലപീരങ്കിയും ഉപയോഗിച്ചു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് കർഷകർ മുന്നോട്ട് തന്നെ കുതിക്കുകയായിരുന്നു.